പത്തനംതിട്ട : കെ.എസ്.ആർ.ടി.സി പുതിയതായി ആരംഭിച്ച എ.സി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസ് സർവീസുകളിൽ പത്തനംതിട്ടയെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. തിരുവനന്തപുരത്ത് അടുത്തിടെ ആരംഭിച്ച സർവീസുകളിൽ ചിലതെങ്കിലും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയെ ബന്ധിപ്പിക്കുന്നതാകണമെന്നും യാത്രക്കാർക്ക് അഭിപ്രായമുണ്ട്. പത്തനംതിട്ട - എറണാകുളം റൂട്ടിൽ ജില്ലയിൽ നിന്ന് സ്ഥിരം യാത്രക്കാരുണ്ട്. വലിയ വരുമാനം ലഭിക്കുന്നതാണ് പത്തനംതിട്ടയിൽ നിന്ന് വടക്കൻ മേഖലയിലേക്കുള്ള സർവീസുകളിലേറെയും.
എം.സി റോഡിലെ സർവീസുകളിൽ ചിലത് ആയൂർ, അഞ്ചൽ, പത്തനാപുരം, പത്തനംതിട്ട, തിരുവല്ല പ്രദേശങ്ങളെ ഉൾപ്പെടുത്തിയും ഒാപ്പറേറ്റ് ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് രാത്രികാല സർവീസുകളിൽ ചിലത്. മലയോര മേഖലയിലെ രാത്രികാല ഗതാഗതപ്രശ്നത്തിനും ഇത് പരിഹാരമാകും. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മലയോര ഹൈവേകളിൽ കൂടി എ.സി സൂപ്പർഫാസ്റ്റ് സർവീസുകൾ ആരംഭിച്ചാൽ യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെയും സമയ നഷ്ടമില്ലാതെയും യാത്ര ചെയ്യാനാകും.
ദീർഘദൂര യാത്രക്കാർ നിർദേശിക്കുന്ന റൂട്ടുകൾ
1. തിരുവനന്തപുരം, കേശവദാസപുരം, വെമ്പായം, വെഞ്ഞാറമൂട്, ആയൂർ, അഞ്ചൽ, പുനലൂർ, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പൈക, പാലാ, വലവൂർ, കുടയ്ക്കച്ചിറ, ചെത്തിമറ്റം, ഉഴവൂർ, മോനിപ്പള്ളി, പിറവം, ആരക്കുന്നം, മുളന്തുരുത്തി, നടക്കാവ്, തൃപ്പുണിത്തുറ, വൈറ്റില, കടവന്ത്ര, കതൃക്കടവ്, എറണാകുളം.
2. തിരുവനന്തപുരം, വെമ്പായം, വെഞ്ഞാറമൂട്, ആയൂർ, അഞ്ചൽ, പത്തനാപുരം, കോന്നി, പത്തനംതിട്ട, തിരുവല്ല, കോട്ടയം വഴി എറണാകുളം.
മലയോര ഹൈവേകൾ വഴി കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നടത്തണം. ഗതാഗതക്കുരുക്കില്ലാതെ എറണാകുളം ഭാഗത്തേക്ക് എത്താൻ ഇതുസഹായിക്കും.
കൃഷ്ണരാജ്, ദീർഘദൂര യാത്രക്കാർ.
തീരുമാനം വരേണ്ടത് ചീഫ് ഒാഫീസിൽ നിന്നാണ്.
പത്തനംതിട്ട ഡിപ്പോ അധികൃതർ
രാത്രിയാത്രയ്ക്ക് തൂത്തുക്കുടി സർവീസ്
പത്തനംതിട്ടക്കാരെ രാത്രിയിൽ പുറംലോകത്ത് എത്തിച്ചിരുന്ന തൂത്തുക്കുടി - ഗുരുവായൂർ അന്തർസംസ്ഥാന സർവീസ് കൊവിഡ് കാലത്ത് നിലച്ചതാണ്. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഇൗ സർവീസായിരുന്നു ഒരുകാലത്ത് രാത്രിയാത്രയ്ക്ക് ആശ്രയം. വൈകിട്ട് തൂത്തുക്കുടിയിൽ നിന്ന് പുറപ്പെടുന്ന ബസ് അതിർത്തിയും കടന്ന് രാത്രി 12 മണിയോടെ പത്തനംതിട്ടയിൽ എത്തിയിരുന്നു. തിരുവല്ലയിൽ എത്തി എം.സി റോഡിലൂടെ യാത്ര തുടരുന്ന ബസ് ട്രെയിൻ യാത്രക്കാർക്കും ഉപകാരപ്പെട്ടിരുന്നു. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള യാത്രക്കാരും ഇൗ സർവീസ് ഉപയോഗപ്പെടുത്തി യാത്ര തുടർന്നു. ഇൗ ബസിന്റെ സമയക്രമം ഉപയോഗപ്പെടുത്തി കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങിയാൽ ലാഭകരമാകുന്നതോടൊപ്പം രാത്രികാല ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരവുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |