പത്തനംതിട്ട : ഭക്തിയുടെ രുചി വൈവിദ്ധ്യങ്ങളെ തൂശനിലയിട്ട് ഭഗവാന് സമർപ്പിക്കുന്ന വഴിപാട് വള്ളസദ്യക്ക് ആറൻമുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ ഇന്ന് തുടക്കമാകും. ആറൻമുളയിലെ 52 കരകളിലെയും പള്ളിയോടങ്ങൾക്ക് വഴിപാടുകാർ ഭക്തിപൂർവ്വം സദ്യ സമർപ്പിക്കുന്ന ചടങ്ങാണ് വഴിപാട് വള്ളസദ്യ. വള്ളസദ്യയിൽ ഭഗവത് സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഒക്ടോബർ രണ്ടുവരെയാണ് വഴിപാട് വള്ളസദ്യ. അഞ്ഞൂറോളം സദ്യകൾ ഇക്കാലയളവിലുണ്ടാകും. ഇതുവരെ 350 സദ്യകളുടെ ബുക്കിംഗ് നടന്നതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിദിനം 10 മുതൽ 15വരെ സദ്യകൾ ക്ഷേത്രത്തിലെ ഊട്ടുപുരകളിലും സമീപത്തെ ഓഡിറ്റോറിയങ്ങളിലുമായി നടക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണ സമിതിയാണ് വള്ളസദ്യകൾക്ക് നേതൃത്വം നൽകുന്നത്.
സദ്യ 10 പള്ളിയോടങ്ങൾക്ക്
ഇന്ന് പത്തു പള്ളിയോടങ്ങൾക്കാണ് വഴിപാട് സദ്യ ഒരുക്കുന്നത്. ഇടശേരിമല കിഴക്ക്, തോട്ടപ്പുഴശേരി, വെൺപാല, തെക്കേമുറി, മല്ലപ്പുഴശേരി, മേലുകര, കോറ്റാത്തൂർ, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ പള്ളിയോടങ്ങളാണ് ഇന്ന് സദ്യയ്‌ക്കെത്തുന്നത്. സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവിൽ നിന്നു സ്വീകരിക്കും.
അമ്പലപ്പുഴ പാൽപായസം, അടപ്രഥമൻ, കടല പ്രഥമൻ, പഴം പായസം ഉൾപ്പെടെയുള്ള 44 വിഭവങ്ങൾ കൂടാതെ കരക്കാർ ശ്ലോകം ചൊല്ലി ആവശ്യപ്പെടുന്ന മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങൾ, തേൻ തുടങ്ങി 20 വിഭവങ്ങളും ഇലയിൽ വിളമ്പും. പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് കുമാർ മാലിമേൽ, റെയ്‌സ് കമ്മിറ്റി കൺവീനർ ബി.കൃഷ്ണകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |