പത്തനംതിട്ട : ഓണക്കോടിയെടുക്കാതെ മലയാളികൾക്കൊരു ഓണാഘോഷമുണ്ടോ. ട്രൻഡിംഗ് ശേഖരവുമായി ജില്ലയിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. സ്കൂളിലും കോളേജിലും ആഘോഷങ്ങൾക്കായി നേരത്തെ വസ്ത്രങ്ങൾ ബുക്ക് ചെയ്ത് കഴിഞ്ഞു വിദ്യാർത്ഥികൾ. സെറ്റ് സാരിയും മുണ്ടുമാണ് കൂടുതൽ പേരെയും ആകർഷിക്കുന്നത്. ഓണത്തിനായി പ്രത്യേക ഓഫറുകളുമുണ്ട്. വ്യാപാരികളുടെ പ്രധാന കച്ചവട പ്രതീക്ഷയാണ് ഓണ വിപണി.
കസവിലൊരുങ്ങാം
കസവ് വസ്ത്രങ്ങളുടെ വലിയ ശേഖരവുമായാണ് വ്യാപാര സ്ഥാപനങ്ങൾ ഒരുങ്ങിയിരിക്കുന്നത്. 350 രൂപയിൽ തുടങ്ങുന്ന കസവ് വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. കസവ് സാരി, ചുരിദാർ, മുണ്ട്, പട്ടു പാവാടകൾ എന്നിവ ലഭിക്കും. ചുരിദാറുകൾക്ക് 650 രൂപ മുതലാണ് വില. രണ്ടായിരം രൂപയുടെ അടക്കം കസവ് വസ്ത്രങ്ങൾ ലഭ്യമാകും. പ്രിന്റഡ് സാരികളും എബ്രോയിഡറി വർക്കുകളും അടങ്ങിയ വസ്ത്രങ്ങൾ വലിയ രീതിയിൽ വിറ്റഴിയുന്നുണ്ട്.
ഓണക്കോടി
വർഷത്തിലൊരിക്കൽ എത്തുന്ന മഹാബലിയെ സ്വീകരിക്കാൻ പുത്തനുടുപ്പിട്ട് ഒരുങ്ങിയിരിക്കണമെന്നാണ് വിശ്വാസം. സമൃദ്ധിയുടെ അടയാളമാണിത്. കൈത്തറിയായിരുന്നു മുമ്പ് പ്രിയമെങ്കിൽ ഇപ്പോൾ റെഡിമെയ്ഡ് വസ്ത്രങ്ങളാണ് ഓണക്കോടികൾ.
കോളേജിലെ ഓണം ആഘോഷത്തിന് വസ്ത്രം എടുക്കാനാണ് എത്തിയത്. തിരക്കാണ് എല്ലാ കടകളിലും. ഗൗൺ അടക്കം കസവിൽ റെഡിമെയ്ഡ് ആയി ലഭിക്കും.
മീനാക്ഷി
(കോളേജ് വിദ്യാർത്ഥിനി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |