പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിംഗ് അല്ലെന്ന് കണ്ടെത്തി. പേജിന്റെ അഡ്‌മിൻമാരിൽ ഒരാൾ തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തതെന്നാണ് വ്യക്തമായിരിക്കുന്നത്. തുടർന്ന് അഡ്‌മിൻ പാനൽ ജില്ലാ കമ്മിറ്റി ഉടൻ അഴിച്ചുപണിതിരുന്നു. പാലക്കാട് എന്ന സ്‌നേഹവിസ്‌മയം എന്നുള്ള തലവാചകത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രമോഷൻ വീഡിയോ സിപിഎം പത്തനംതിട്ട നേതൃത്വത്തിന്റെ പേരിലെന്ന് സൂചനയുള്ള പേജിൽ വന്നത്.
സംഭവം ഹാക്കിംഗ് ആണെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പ്രതികരിച്ചത്. അതേസമയം ഇത് ഹാക്കിംഗ് അല്ലെന്നും സിപിഎം പ്രവർത്തകർ തനിക്കുനൽകിയ പിന്തുണ ആണെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിപ്രായം. ഹാക്കിംഗ് ആണെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുമെന്നാണ് കെ.പി ഉദയഭാനു അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ജില്ലാ നേതൃത്വം പൊലീസിൽ പരാതിപ്പെട്ടിട്ടില്ല എന്നാണ് വിവരം.
സംഭവത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം രാഹുലിന്റെ വീഡിയോ സിപിഎം പേജിൽ വന്നത് സിപിഎം-കോൺഗ്രസ് ഡീലിന്റെ ഭാഗമാണെന്നും പാലക്കാട്ടെ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |