പത്തനംതിട്ട : റേഷൻ കാർഡ് ഉടമകൾക്ക് ഈമാസം മുതൽ മണ്ണെണ്ണ നൽകാനുള്ള തീരുമാനം ജില്ലയിൽ നടപ്പാവില്ല. റേഷൻ കടകളിലേക്ക് മണ്ണെണ്ണ വിതരണം നടത്താൻ ആവശ്യമായ കേന്ദ്രങ്ങളില്ലാത്തതാണ് കാരണം. ജില്ലയിൽ മണ്ണെണ്ണ വിതരണത്തിന് കോഴഞ്ചേരിയിൽ മാത്രമാണ് നിലവിൽ കേന്ദ്രമുള്ളത്. ജില്ലയിലെ 782 റേഷൻ കടകളിലേക്ക് ഇവിടെ നിന്ന് വേണം മണ്ണെണ്ണ എത്തിക്കാൻ. റേഷൻ കടകൾ ഇതിനുള്ള ചെലവും വഹിക്കണം. അതുകൊണ്ട് തന്നെ ഗവി, റാന്നി, ചിറ്റാർ, സീതത്തോട്, അടൂർ എന്നിവിടങ്ങളിൽ നിന്നുള്ള റേഷൻ വ്യാപാരികൾ കോഴഞ്ചേരിയിലെത്തി വേണം മണ്ണെണ്ണ ശേഖരിക്കാൻ. ഇതിന് ചെലവേറുമെന്നും റേഷൻ വ്യാപാരികൾ പറഞ്ഞു. താലൂക്ക് അടിസ്ഥാനത്തിൽ മൊത്ത വ്യാപാര കേന്ദ്രങ്ങളിലൂടെ മണ്ണെണ്ണ വിതരണം നടത്താനായിരുന്നു അധികൃതരുടെ നിർദേശം. മൂന്ന് മാസത്തെ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നന്നത്.
ലൈസൻസുകൾ പുതുക്കിയില്ല
മുമ്പ് താലൂക്ക് അടിസ്ഥാനത്തിൽ മണ്ണെണ്ണ മൊത്ത വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം നിലച്ചതോടെ ലൈസൻസുകൾ ആരും പുതുക്കിയില്ല. അതോടെ ലൈസൻസുകൾ റദ്ദായി.
മണ്ണെണ്ണ വിതരണത്തിന് കമ്മിഷൻ തുക കൂട്ടി നൽകാനായി റേഷൻകട ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ലിറ്ററിന് 3.70 രൂപയിൽ നിന്ന് 7 രൂപ ആക്കണമെന്നാണ് ആവശ്യം. വാതിൽപ്പടി സേവനം നടപ്പാക്കണമെന്നു റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
1. മഞ്ഞ കാർഡിന് ഒരു ലിറ്റർ മണ്ണെണ്ണയും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക്
അര ലിറ്റർ വീതവും നൽകാനാണ് തീരുമാനം.
2. താലൂക്ക് അടിസ്ഥാനത്തിൽ മുമ്പുണ്ടായിരുന്ന വിതരണ ഡിപ്പോകൾ പൂട്ടിപ്പോയതാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി.
3. രണ്ടര വർഷത്തിനുശേഷമാണ് റേഷൻ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യാൻ തീരുമാനമുണ്ടാകുന്നത്.
► ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 63 രൂപ
മണ്ണെണ്ണ വിതരണം ജില്ലയിൽ ഈ മാസം തന്നെ ആരംഭിക്കും.
കെ.ആർ.ജയശ്രീ
ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |