കോന്നി: വെട്ടൂർ ജംഗ്ഷന് സമീപം കുമ്പുക്കാട്ട് വീട് കണ്ടാൽ ആദ്യം കാടാണെന്നേ തോന്നു. പച്ചപ്പ് മൂടിയ വീടിന് പുറത്തും അകത്തും പലതരം ചെടികളും ചെറുമരങ്ങളും. അദ്ധ്യാപക ദമ്പതികളായ പ്രിൻസിന്റെയും സോണിയയുടെയും വീടാണിത്. കുമ്പഴ -വെട്ടൂർ -കോന്നി റോഡിലൂടെ യാത്രചെയ്യുന്നവർക്ക് വീട് കാണാം. 10 വർഷം മുമ്പാണ് ശിൽപകല അദ്ധ്യാപകനായ പ്രിൻസ് വീട്ടിൽ ചെടികൾ നട്ടു തുടങ്ങിയത്. ചിട്ടയോടെ വെട്ടിനിർത്തുന്നതാണ് മറ്റുള്ളവരുടെ രീതി. എന്നാൽ പ്രിൻസ് ചെടികളെ വെറുതേ വീട്ടു. അവ കാടുപോലെ വളരാൻ തുടങ്ങി. വീടിന്റെ കോമ്പൗണ്ട് ഭിത്തിയടക്കമാണ് ഈ കാട്. വള്ളികൾ വകഞ്ഞുമാറ്റിവേണം ഉള്ളിലേക്ക് കയറാൻ. വീട്ടുവളപ്പിൽ വെയിലില്ല. കാടിന്റെ കടുംപച്ചപ്പ്. പ്രിൻസ് സ്വന്തമായി നിർമ്മിച്ചെടുത്ത വസ്തുക്കളാണ് വീടലങ്കരിച്ചിരിക്കുന്നത്. ചുറ്റും വള്ളിച്ചെടികൾ പടർത്തിയിരിക്കുന്നു. ഇരുനൂറ്റിയൻപതിലേറെ വ്യത്യസ്തമായ ചെടികൾ വീടിനുള്ളിൽ മാത്രം പരിപാലിക്കുന്നു. ഇൻഡോർ ചെടികളുടെ പരിപാലനത്തിന് കൃത്രിമ വെളിച്ചം ആവശ്യമുള്ളിടത്ത് അതും നൽകിയിട്ടുണ്ട്.
അഞ്ചു സെന്റിൽ 900 ചതുരശ്രയടിയിലുള്ള വീടാണിത്. സ്റ്റെയർകേസിന്റെ വശങ്ങളിൽ നാച്വറൽ സ്റ്റോൺ ഉപയോഗിച്ചിരിക്കുന്നു. മെഷ് അടിച്ച് അതിനു മുകളിലും ധാരാളം ചെടികൾ വളർത്തിയിട്ടുണ്ട്. ടെറസിൽ ഹാങ്ങിങ്ങായും അല്ലാതെയും ചെടികൾ വളരുന്നു. വെള്ളവും സൂര്യപ്രകാശവും അധികം വേണ്ടാത്ത എയർ പ്ലാന്റുകളും ഈ വീട്ടിലുണ്ട്. വീടിനു മുകളിൽ പണിതെടുത്തിരിക്കുന്ന ഏറുമാടവും കൗതുക കാഴ്ചയാവുന്നു.
കൗതുകമായി കോക്കഡാമയും
ജാപ്പനീസ് ടെക്നോളജിയായ കോക്കഡാമ അഥവാ മോസ്ബോൾ (പായൽ പന്തുകൾ) കേരളത്തിന്റെ കാലാവസ്ഥയ്ക്കിണക്കി വളർത്തി വീടിനകത്തു സെറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഇൻസ്റ്റലേഷൻ, ആർട്ട് എക്സിബിഷനായി നടത്തി പ്രിൻസ് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയിരുന്നു. മറൈൻ പ്ലൈവുഡിൽ ബോക്സുകൾ പണിത് അവയ്ക്കു പുറമേ കാടുകളിൽ നിന്ന് ശേഖരിച്ച തടികൾ പല ആകൃതികളിൽ മുറിച്ചു വച്ചും അതിൽ ചെടികൾ വച്ചിരിക്കുന്നു. പ്രിൻസ് സ്വന്തമായി ഉണ്ടാക്കിയ ബുദ്ധപ്രതിമയുണ്ടിവിടെ. അച്ചൻകോവിലാറ്, കല്ലാറ് എന്നിവിടങ്ങളിൽ നിന്നുപിടിച്ച മീനുകൾ , തുറന്ന അക്വേറിയത്തിൽ കിടക്കുന്നു. വെള്ളപ്പൊക്കത്തിലും മറ്റും ഒഴുകിവന്ന് കാലങ്ങളായി വെള്ളത്തിൽക്കിടന്ന വേരുകളും മരത്തടികളും അക്വേറിയത്തിൽ നിറച്ച് അതിനുള്ളിലാണ് മീനുകളെ ഇട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |