കൊച്ചി: എറണാകുളം നഗരത്തിൽ അനധികൃതമായി തങ്ങിയ വിദേശവനിതയെ സൗത്ത്പൊലീസ് കസ്റ്റഡിയിലെടുത്തു. കെനിയൻ സ്വദേശിയായ യുവതിയാണ് വെള്ളിയാഴ്ച രാത്രി പിടിയിലായത്.
ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ (എഫ്.ആർ.ആർ.ഒ) നിന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിൽ യുവതി എറണാകുളം സൗത്ത് ഭാഗത്തുള്ളതായി സൂചന ലഭിച്ചിരുന്നു. തുടർന്ന് സൗത്ത് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ചിലവന്നൂരിലെ അപ്പാർട്ട്മെന്റിൽ റെയ്‌ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്.
നാല് മാസത്തിലേറെയായി അനധികൃതമായി കേരളത്തിൽ തങ്ങുകയാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ സുഹൃത്ത് നൽകാമെന്ന് പറഞ്ഞ പണം കിട്ടാത്തതിനാലാണ് മടങ്ങിപ്പോക്ക് വൈകുന്നതെന്നാണ് യുവതി നൽകിയ പ്രാഥമികമൊഴി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ദ്വിഭാഷികളുടെ സഹായത്തോടെ മൊഴിയെടുക്കാൻ നടപടി തുടങ്ങി. ഇവർക്ക് അപ്പാർട്ട്മെന്റ് ശരിപ്പെടുത്തി കൊടുത്തത് ആരാണെന്നത് ഉൾപ്പെടെ പരിശോധിക്കും.
യുവതിയെ മരടിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ മടക്കി അയക്കാനാണ് തീരുമാനം. ജില്ലയുടെ വിവിധഭാഗങ്ങളിൽ കെനിയൻ വംശജരായ നിരവധി യുവതികൾ അനധികൃതമായി തങ്ങുന്നതായി സൂചനയുണ്ട്. രണ്ട് മാസം മുമ്പ് ചേരാനല്ലൂരിൽ രണ്ട് കെനിയൻ യുവതികളെ കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് അയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |