റാന്നി : പമ്പാ ഇറിഗേഷൻ പദ്ധതിക്കായി കക്കാട്ടാറിൽ നിർമ്മിച്ചിട്ടുള്ള മണിയാർ ഡാമിന്റെ സൂയീസ് ഷട്ടറുകൾ ഉൾപ്പെടെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടർന്ന് ഡാമിന്റെ ജലസംഭരണ മേഖല പൂർണമായി വറ്റി. 1976 - ലാണ് ഡാം കമ്മീഷൻ ചെയ്തത്. അതിന് ശേഷം ആദ്യമായാണ് ഡാമിന്റെ ഏറ്റവും അടിത്തട്ടിൽ സ്ഥാപിച്ചിട്ടുള്ള സൂയീസ് ഷട്ടറുകൾ തുറക്കുന്നത്. ഡാമിന് 2 സൂയിസ് ഷട്ടറും 5 വലിയ ഷട്ടറുകളുമാണുള്ളത്. ഇത്രയും ഷട്ടറുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഡാം പൂർണമായി തുറന്നത്.
കൽക്കട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന ആർ എം സിൻഹ കമ്പനിക്കാണ് ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ നിർമ്മാണ ചുമതല . പമ്പാ ജലസേചന പദ്ധതിക്കായി നിർമ്മിച്ച ഡാമിൽ നിന്നാണ് വേനൽകാലത്ത് പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാർഷിക ആവശ്യങ്ങൾക്കായി ജലം എത്തിക്കുന്നത്.
കേരളത്തിലെ ആദ്യ സ്വകാര്യ വൈദ്യുതി നിലയമായ കാർബോറാണ്ടം യൂണിവേഴ്സലിന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വെള്ളം നല്കുന്നതും ഇവിടെ നിന്നാണ്. സൂയീസ് വാൽവുകളിലെ ഷട്ടറുകൾ ആദ്യം മാറ്റി സ്ഥാപിച്ചതിനു ശേഷം തുടർന്ന് ആ വാൽവുകൾ വഴി വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിനോടൊപ്പം പ്രധാന 5 ഷട്ടറുകൾ മാറ്റി സ്ഥാപിക്കും.
ഷട്ടറുകൾ എല്ലാം തുറന്നതിനെ തുടർന്ന് ജലസംഭരണ മേഖലയിൽ ടൺ കണക്കിന് മണൽ ശേഖരവും വെള്ളത്തിൽ മുങ്ങിപ്പോയ വള്ളങ്ങളും കണ്ടെത്തി. ഡാം വറ്റിച്ചു കാണുകയെന്നത് അപൂർവസംഭവമായതിനാൽ ചിത്രങ്ങൾ പകർത്താനും റീലുകൾ ചിത്രീകരിക്കാനുമായി നിരവധിപേരാണ് എത്തുന്നത്.
മഴ ശക്തം, ഡാമിലേക്ക് വെള്ളം എത്തുന്നു
കക്കാട്, അള്ളൂങ്കൽ, കാരിക്കയും ഡാമുകളിൽ നിന്നുള്ള ജലമൊഴുക്ക് തടഞ്ഞതിന് ശേഷമാണ് മണിയാർ ഡാം വറ്റിച്ചത്. എന്നാൽ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ ഈ ഡാമുകളുടെ ഷട്ടറുകൾ തുറക്കുകയും വീണ്ടും മണിയാർ ഡാമിലേക്ക് വെള്ളം എത്തുന്നുമുണ്ട്. നിലവിൽ ഡാമിന്റെ സൂയീസ് ഷട്ടറുകൾ വഴിയും സ്പിൽവേ വഴിയും വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്. രണ്ടു ദിവസം എങ്കിലും സമാനമായി വെള്ളം വറ്റിച്ചെങ്കിൽ മാത്രമേ സൂയീസ് ഷട്ടറുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |