ഇലഞ്ഞി: ഇലഞ്ഞി കവലയിലെ അനധികൃത കച്ചവടം ചോദ്യം ചെയ്ത വ്യാപാരിയെ കൈയേറ്റം ചെയ്യാൻ ശ്രമം. അനധികൃത കച്ചവടക്കാരെക്കൊണ്ട് പൊറുതിമുട്ടിയപ്പോൾ വ്യാപാരി സംഘടനകൾ ചേർന്ന് ചോദ്യം ചെയ്തതോടെയാണ് വ്യാപാരിയായ ജോർജ് സെബാസ്റ്റ്യന് നേരെ കൈയേറ്രമുണ്ടായത്. ഇതോടെ നാട്ടുകാരും മറ്റ് വ്യാപാരികളും ചേർന്ന് ഇവരെ പിന്തിരിപ്പിച്ചു.
അനധികൃത കച്ചവടക്കാരെക്കൊണ്ട് ഇലഞ്ഞിയിലെ വ്യാപാരികൾ പൊറുതിമുട്ടിയെങ്കിലും നടപടിയെടുക്കേണ്ട പഞ്ചായത്തും പൊലീസ് അടക്കമുള്ള മറ്റ് അധികൃതരും നിഷ്ക്രിയരാണ്.
ഇലഞ്ഞി ടൗണിൽ അനധികൃതമായി പച്ചക്കറികൾ, പഴവർഗങ്ങൾ, തുണികൾ, ചെരുപ്പുകൾ, നിരോധിത പുകയില ഉത്പന്നങ്ങൾ, കരിമ്പിൻ ജ്യൂസ്, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വലിയതോതിലാണ് വില്പന നടത്തുന്നത്. ഇത് വ്യാപാരികൾക്ക് വൻപ്രതിസന്ധി സൃഷ്ടിക്കുകയാണ്. ചെറിയ പട്ടണമായ ഇലഞ്ഞിയിൽ വലിയ വാടകക്കാണ് മിക്ക വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. കൂടാതെ അടുത്തിടക്ക് മുറി വാടകക്ക് ജി.എസ്.ടി കൂടി ഏർപ്പെടുത്തിയതോടെ കൂടുതൽ തിരിച്ചടിയായി. വൈദ്യുതി നിരക്കിൽ ഉണ്ടായ വർദ്ധനവും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് അനധികൃത കച്ചവടങ്ങൾ വ്യാപിക്കുന്നത്. ഇലഞ്ഞിയിൽ സാമ്പത്തിക പ്രതിസന്ധി കാരണം ഹോട്ടലുകളും പച്ചക്കറിക്കടകളും തുണിക്കടകളുമടക്കം പന്ത്രണ്ടോളം കടകളാണ് പൂട്ടിപ്പോയത്.
ചെറുകിട വ്യാപാരികളിൽ നിന്ന് നികുതി വാങ്ങാൻ കാണിക്കുന്ന ശുഷ്‌കാന്തി വ്യാപാര സ്ഥാപനങ്ങൾ നിലനിർത്താൻ കൂടി പഞ്ചായത്ത് കാണിക്കണം. പല തവണ പരാതി നൽകിയിട്ടും നടപടി എടുക്കാൻ തയ്യാറായിട്ടില്ല. ഇപ്പോൾ വ്യാപാരികൾ നേരിട്ട് അനധികൃത കച്ചവടക്കാരെ ഓടിക്കേണ്ട അവസ്ഥയാണ്.
ജോയ്സ് മാമ്പിള്ളിൽ
പ്രസിഡന്റ്
മർച്ചന്റ് അസോസിയേഷൻ
അടിയന്തരമായി നടപടിയെടുക്കും. പഞ്ചായത്ത് പല തവണ അനധികൃത കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. നടപടിയെടുക്കാൻ പൊലീസിനോട് നിർദ്ദേശിക്കും.
പ്രീതി അനിൽ
പ്രസിഡന്റ്
ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |