തൃപ്പൂണിത്തുറ: സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന 22 പവൻ സ്വർണം കവർന്ന് പണയപ്പെടുത്തി കാർ വാങ്ങിയ മോഷ്ടാവ് അറസ്റ്റിലായി. ഇടുക്കി കട്ടപ്പന ശാന്തിഗ്രാം പയ്യപ്പിള്ളിൽ ഹൗസിൽ ജെനീഷാണ് (38) ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്.
ജൂൺ 21ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സ്വർണം കവർന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ രോഗിയും ഭാര്യയും ആഭരണങ്ങൾ ആശുപത്രിമുറിയിലെ അലമാരയിലാണ് വച്ചിരുന്നത്. ഭാര്യ വീട്ടിൽ പോയ സമയത്ത് രോഗി മയങ്ങിക്കിടക്കുമ്പോഴായിരുന്നു കവർച്ച. സ്വർണനാണയങ്ങളും പഴയ സ്വർണാഭരണങ്ങളുമാണ് മോഷ്ടിച്ചത്.
സ്വർണനാണയങ്ങൾ പ്രമുഖ ജുവലറിയിൽ മാറിയെടുത്ത ശേഷം മൂവാറ്റുപുഴയിലെ സ്ഥാപനത്തിൽ പണയപ്പെടുത്തിയാണ് കാർ വാങ്ങിയത്. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഹിൽപാലസ് പ്രിൻസിപ്പൽ എസ്.ഐ കെ.അനില, എസ്.ഐമാരായ ബാലചന്ദ്രൻ,വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് കാർ സഹിതം കസ്റ്റഡിയിലെടുത്തത്. 20 പവനോളം വീണ്ടെടുത്തു. ആശുപത്രികളിൽ ചുറ്റിക്കറങ്ങി രോഗികളുടെ സ്വർണവും പണവും കവരുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |