കാസർകോട്: അഞ്ച് മക്കളെ അകാലത്തിൽ നഷ്ടപ്പെട്ട കിടപ്പിലായ 92കാരിക്ക് താമസിക്കുന്ന മണ്ണിൽ നിന്ന് കുടിയിറങ്ങാൻ റവന്യു വകുപ്പിന്റെ നോട്ടീസ്. കാസർകോട് വില്ലേജിൽ പെട്ട സിറാമിക്സ് റോഡിലെ ലക്ഷ്മി അമ്മയ്ക്കാണ് സർവ്വെ നമ്പർ 89/1ൽ നിന്നും ഇറങ്ങണമെന്ന ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചത്.ഇവർ അപേക്ഷ നൽകാത്ത കോട്ടക്കണിയിലെ 122/ ഒന്ന് പി.ടി സ്ഥലത്തേക്ക് മാറണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
സിറാമിക്സ് റോഡിലെ പരേതനായ മലയൻ കണ്ണനും മുൻഗാമികളും 90 വർഷത്തോളമായി കൈവശം വച്ച് താമസിക്കുന്ന ദൈവങ്ങളെ കുടിയിരുത്തിയ ഭൂമിയാണ് ഇവർക്ക് നഷ്ടപ്പെടാൻ പോകുന്നത്.
മൂന്ന് ദിവസത്തിനകം ഇവിടെ നിന്നും ഇറങ്ങണമെന്നാണ് കാസർകോട് എൽ.എ തഹസിൽദാർ കഴിഞ്ഞ ദിവസം കുടുംബത്തിന് നൽകിയ നോട്ടീസിൽ പറയുന്നത്. കോടികൾ വിലമതിക്കുന്ന കണ്ണായ സ്ഥലമാണിതെന്നതാണ് കുടിയിറക്ക് നീക്കത്തിന് പിന്നിലെ യഥാർത്ഥ കളി എന്നാണ് നാട്ടുകാരടക്കം പറയുന്നത്.
താമസിക്കുന്ന ഈ 23 സെന്റ് ഭൂമിയിൽ 10 സെന്റിന്റെ കുടികിടപ്പവകാശം ഈ കുടുംബം ചോദിച്ചിരുന്നു. ആരാധനമൂർത്തികളെ കുടിയിരുത്തിയതിനാൽ പഴയ വീട് അടക്കമുള്ള റോഡിനോട് ചേർന്ന പത്ത് സെന്റ് ഭൂമി നൽകണമെന്നാണ് ഇവരുടെ അപേക്ഷ. ലക്ഷ്മി അമ്മയുടെ ഭർത്താവ് മലയൻ കണ്ണൻ ഇതിനായി കേസ് നടത്തിയിരുന്നു. 1993 ഫെബ്രുവരിയിൽ അദ്ദേഹം മരിച്ചു. പിന്നീട് 2023 മേയ് 25 ന് ഇവർക്ക് അനുകൂലമായി ഹൈക്കോടതി വിധിയും ലഭിച്ചു. ഈ വിധിക്ക് പിന്നാലെ ഇതെ വർഷം ഏപ്രിലിൽ കുമ്പള പെർവാട് വച്ച് മക്കളായ സുരേന്ദ്രൻ, ഗംഗാധരൻ, കമലാക്ഷൻ എന്നിവർ ഓട്ടോയിൽ ലോറിയിടിച്ച് മരിച്ചു. ക്യാൻസർ ബാധിച്ച് പെൺമക്കളായ ശ്രീദേവിയും മാണിയും പിന്നാലെ മരിച്ചു. ഒമ്പത് മക്കളിൽ അഞ്ച് മക്കളും ഇല്ലാതായതിന്റെ സങ്കടത്തിൽ കിടപ്പിലായ ലക്ഷ്മിയമ്മയ്ക്ക് മീതെ ഇടിത്തീ പോലെയാണ് ഇപ്പോൾ നോട്ടീസ് എത്തിയിരിക്കുന്നത്.
ലക്ഷ്മിയമ്മയും മകൾ കമലാക്ഷിയും മരിച്ച ഗംഗാധരന്റെ ഭാര്യ ചിത്രയും മക്കളായ ഉണ്ണിക്കുട്ടൻ, അജിത്, അഭിരാമി എന്നീ ആറു പേരാണ് ഈ പഴഞ്ചൻ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. 122/ ഒന്ന് പി.ടിയിലുള്ള സ്ഥലത്തേക്ക് മാറണമെന്ന് വ്യക്തമാക്കിയ എൽ എ തഹസിൽദാരുടെ നോട്ടീസിൽ കോടതി ഉത്തരവ് നടപ്പിലാക്കുകയാണെന്നും കാണിച്ചിട്ടുണ്ട്. അതെ സമയം കോട്ടക്കണിയിലെ 122/ ഒന്ന് പി.ടി യിൽ ലക്ഷ്മി അമ്മയുടെ പേരിൽ സ്ഥലം അനുവദിച്ചിട്ടില്ലെന്നാണ് കാസർകോട് ആർ.ഡി.ഒ വിവരാവകാശ പ്രകാരം നൽകിയ മറുപടി.
കോട്ടകണിയിൽ അങ്ങനെ ഒരു സ്ഥലത്തിന് അപേക്ഷ നൽകുകയോ റവന്യൂ ഉദ്യോഗസ്ഥർ ഞങ്ങളെ കൊണ്ടുപോയി കാണിക്കുകയോ ചെയ്തിട്ടില്ല. ഇല്ലാത്ത സ്ഥലത്തേക്ക് മാറാൻ ഇവർ എങ്ങിനെയാണ് പറഞ്ഞത്. ഈ പെരുമഴയത്ത് നടക്കാൻ വപോലും കഴിയാത്ത അമ്മയുമായി എങ്ങോട്ട് പോകും കമലാക്ഷി(ലക്ഷ്മി അമ്മയുടെ മകൾ)
പട്ടികജാതി കുടുംബത്തിന് നീതി നിഷേധം
കുടിയിറക്കിയാൽ കിടപ്പിലായ ലക്ഷ്മി അമ്മയുമായി എങ്ങോട്ട് പോകുമെന്നതിൽ കുടുംബാംഗങ്ങൾക്ക് നിശ്ചയമില്ല.പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കുടുംബത്തോട് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് ഉദ്യോഗസ്ഥർ കാണിക്കുന്നതെന്നാണ് നാട്ടുകാരും പറയുന്നത്. .ഭൂരഹിതർക്ക് അപേക്ഷ പരിഗണിച്ചാണ് സാധാരണയായി ഭൂമി അനുവദിക്കുന്നത്. എന്നാൽ വർഷങ്ങളായി ഒരിടത്ത് കുടിയിരിക്കുന്ന പട്ടികജാതികുടുംബത്തെ അപേക്ഷ പോലും നൽകാതെ എങ്ങനെയാണ് തഹസിൽദാരുടെ കത്തിൽ പരാമർശിക്കുന്ന സർവേ നമ്പറിൽ ഭൂമിയിലേക്ക് മാറ്റുന്നത് എന്നതിൽ ഏറെ ദുരൂഹതയുണ്ട്. റവന്യൂമന്ത്രിക്ക് നൽകിയ അപേക്ഷ ജില്ലാകളക്ടർക്ക് നിർദേശസഹിതം നൽകിയിരുന്നു. അതിന്റെ ഭാഗമായി പലതവണ സ്പെഷ്യൽ തഹസിൽദാർ ഹിയറിംഗ് നടത്താൻ വിളിച്ചെങ്കിലും അതെല്ലാം ജന്മിമാരായ എതിർകക്ഷിക്ക് വേണ്ടി അട്ടിമറിക്കപ്പെട്ടുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |