പത്തനംതിട്ട : ഓണത്തിന് പതിവാകുന്ന വിലക്കയറ്റം പിടിച്ചുനിറുത്താൻ പച്ചക്കറിയും കിഴങ്ങുവിളകളും കൃഷി ചെയ്ത് സമൃദ്ധിയുള്ള ഓണമൊരുക്കാൻ കാർഷിക വകുപ്പ് വിത്തെറിഞ്ഞു. ഇതിനായി ജില്ലയിൽ അഞ്ഞൂറ് ഹെക്ടർ കൃഷിയിടത്തിലാണ് വിത്തിറക്കിയിരിക്കുന്നത്. പയർ, വെണ്ടയ്ക്ക, പാവൽ, മുളക്, തക്കാളി, വഴുതന, പടവലം, വെള്ളരി തുടങ്ങി വിവിധതരം പച്ചക്കറി വിത്തുകളും ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവിളകളുമാണ് കൃഷി ചെയ്യുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഫലം ലഭിക്കുന്ന പച്ചക്കറികളാണിത്. വീട്ടിൽ കൃഷി ചെയ്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരാണ് പച്ചക്കറി കൃഷി ചെയ്യുന്നവരിലധികവും. ബാക്കി ഓണ വിപണിയിൽ എത്തിക്കും. കൃഷി ഭവൻ കേന്ദ്രീകരിച്ചുള്ള ഓണച്ചന്തകളിലും മറ്റ് മാർക്കറ്റുകളിലുമാണ് പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വിൽപനയ്ക്കെത്തിക്കുക.
കർഷകർക്ക് വിത്ത് സൗജന്യം
അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളാണ് കൃഷിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ആറ് ലക്ഷം തൈകളും 50000 വിത്തുകളും ഓണക്കൃഷിയ്ക്കായി നൽകി. സൗജന്യമായാണ് കർഷകർക്ക് വിത്തുകളും തൈകളും നൽകുന്നത്.
പന്തളം തെക്കേകര, വള്ളിക്കോട്, പ്രമാടം, കുറ്റൂർ പഞ്ചായത്തുകളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്ത് പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നത്. വിഷരഹിതമായ പച്ചക്കറികൾ ഉല്പാദിപ്പിച്ച് കർഷകരെ സ്വയം പര്യാപ്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. വീട്ടുവളപ്പിലെ കൃഷി, പുരയിട കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.
ജില്ലയിൽ ആകെ കൃഷി : 500 ഹെക്ടർ
അത്യുൽപാദന ശേഷിയുള്ള വിത്തുകൾ : 5000
സീഡ് വിത്ത് : 50000
തൈകൾ : ആറ് ലക്ഷം
53 പഞ്ചായത്തുകളിലും 4 നഗരസഭകളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
കൃഷി ഭവനുകൾ വഴിയാണ് വിത്തുകളും തൈകളും വിതരണം ചെയ്യുന്നത്. വിപണിയിലെത്തിക്കുന്നതും കൃഷി ഭവനുകൾ കേന്ദ്രീകരിച്ചുള്ള മാർക്കറ്റുകളിലാണ്. ഓഗസ്റ്റിലേക്ക് വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്.
കൃഷി വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |