പത്തനംതിട്ട : മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിന് എക്‌സൈസ് വകുപ്പിന് ലഭിച്ച രഹസ്യവിവരങ്ങൾ പുറത്തുവിടുന്നവർ പിന്നീടു സർവീസിലുണ്ടാകില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ 45 ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാട്സ്ആപ് അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം. ഇത്തരം വിവരങ്ങൾ രഹസ്യമായിരിക്കണമെന്നതിൽ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലഹരിവേട്ടയിൽ സംസ്ഥാന എക്‌സൈസ് വകുപ്പിനുള്ള മികവിനെ മറച്ചുപിടിച്ച് ദുർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇവിടെ കേസുകൾ കൂടുന്നുവെന്ന പ്രചാരണം നടക്കുന്നത്. പഞ്ചാബിനേക്കാൾ മൂന്നിരട്ടി കേസ് കേരളത്തിൽ രജിസ്റ്റർ ചെയ്തുവെന്നത് യാഥാർത്ഥ്യമാണ്. ചെറിയ അളവിലുള്ള മയക്കുമരുന്ന് പോലും കേരളത്തിൽ പിടികൂടി കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. നടപടികളെടുക്കുന്നതിൽ കേരള എക്‌സൈസ് വകുപ്പിനുള്ള മികവാണ് ഇവിടെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.സജു കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. മോഹൻകുമാർ, ജോയിന്റ് എക്‌സൈസ് കമ്മിഷണർ ബി.രാധാകൃഷ്ണൻ, ഡെപ്യൂട്ടി കമ്മിഷണർ എം.സൂരജ്, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെയിംസ്, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സന്തോഷ് കുമാർ, സെക്രട്ടറി പി.ഡി.പ്രസാദ്, ഷാബു തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |