പത്തനംതിട്ട : കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കയറ്റി പുഴയിലും പാടത്തും വഴിയോരത്തും തള്ളുന്നതരത്തിലുള്ള മാലിന്യനിർമാർജ്ജന വിപത്തിനെതിരെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ച മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് മാതൃകയാകുന്നു.
വീടുകളിലെ സെപ്ടിക് ടാങ്കുകളിൽ നിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യം മണിക്കൂറുകൾക്കുള്ളിൽ വളവും ശുദ്ധമായ വെള്ളവുമാക്കി വേർതിരിക്കുന്ന സാങ്കേതിക വിദ്യയിലാണ് മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം. അന്താരാഷ്ട്ര ഏജൻസികൾ അംഗീകരിച്ച ഭൂമ എൻവൈറോടെക് കമ്പിനിയിൽ നിന്ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 58 ലക്ഷം രൂപ മുതൽ മുടക്കി വാങ്ങിയ സഞ്ചരിക്കുന്ന ട്രീറ്റ്മെന്റ് യൂണിറ്റ് (എം.ടി.യു) ഇതിനോടകം ശ്രദ്ധനേടി. ഒരു മണിക്കൂറിൽ 6000 ലിറ്റർ കക്കൂസ് മാലിന്യം ഈ യൂണിറ്റിലൂടെ സംസ്കരിക്കാനാകും. സെപ്ടിക് ടാങ്കിൽ നിന്ന് പമ്പ് ചെയ്യുന്ന മാലിന്യം വാഹനത്തിൽ സജ്ജമാക്കിയിരിക്കുന്ന കോണിക്കൽ ടാങ്കിൽ ശേഖരിക്കും. ഇവിടെ നിന്ന് സെന്റർ ഫ്യൂജിലേക്കും ഖരമാലിന്യം പ്ലാസ്റ്റിക് ടാങ്കിലേക്കും വേർതിരിക്കും. തുടർന്ന് ജലം കോണിക്കൽ ടാങ്കിലേക്കും അവിടെനിന്ന് രണ്ടുതവണ വീതം സാന്റ് ഉപയോഗിച്ചും കാർബൺ ഉപയോഗിച്ചും അരിച്ചെടുക്കും. തുടർന്ന് മൈക്രോതലത്തിലും അൾട്രാ ഫിൽറ്ററേഷനും നടത്തി ശുദ്ധജലമാക്കി മാറ്റും.
6000 ലിറ്റർ മാലിന്യം സംസ്കരിക്കാൻ ചെലവ് : 4000രൂപ
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 6000 ലിറ്റർ കക്കൂസ് മാലിന്യം സംസ്ക്കരിക്കുന്നതി 4000രൂപയും ബ്ലോക്ക് പഞ്ചായത്തിന് പുറത്ത് 5000 രൂപയുമാണ് ഫീസ് ഇടാക്കുന്നത്. ഇതിനുമുകളിൽ മാലിന്യമുണ്ടെങ്കിൽ ലിറ്ററിന് 80 പൈസാ വീതവും നൽകണം. പരിശീലനം ലഭിച്ച പരിചയ സമ്പന്നരായ ജീവനക്കാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുൻകൂട്ടി അറിയിച്ചാൽ ജില്ലയിലെവിടെയും ഇവർ മാലിന്യ സംസ്ക്കരണത്തിന് എത്തിച്ചേരും.
ഫോൺ : 894319877, 9048018988.
പറക്കോട് ഗ്രാമപഞ്ചായത്തിന്റെ സഞ്ചരിക്കുന്ന ട്രീറ്റ്മെന്റ് ഫലപ്രദമായതോടെ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം യൂണിറ്റുകൾ വാങ്ങാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പന്തളം നഗരസഭ പുതിയ യൂണിറ്റ് വാങ്ങി.
ഒരു ദിവസം, ഒരു ലക്ഷം ലിറ്റർ കക്കൂസ് മാലിന്യം
കക്കൂസ് മാലിന്യം സംസ്കരിക്കാൻ ശാസ്ത്രീയ സംവിധാനങ്ങളില്ലാത്ത ജില്ലയിൽ ദിവസേന ഒരു ലക്ഷം ലിറ്റർ കക്കൂസ് മാലിന്യമാണ് സ്വകാര്യ ഏജൻസികൾ ടാങ്കർ ലോറികളിൽ ശേഖരിക്കുന്നതെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക്. എന്നാൽ ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ ജില്ലയിൽ ഒരു സംവിധാനവും നിലവിലില്ല. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം നദികളിലും ജലാശയങ്ങളിലും പുറമ്പോക്കുകളിലും വഴിയോരങ്ങളിലും നിക്ഷേപിക്കുകയാണ്. ഇതുമൂലം ജില്ലയിലെ ജലത്തിൽ കോളിഫോാം ബാക്ടീരിയകളുടെ അളവ് വളരെ കൂടുതലാണ്. ഇതിന് പരിഹാരമാകുകയാണ് പുതിയ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |