സീതത്തോട്: ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി ആനത്തോട് ഡാം തുറന്നു. ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി അധികജലം തുറന്നു വിടുകയാണ്. ഇന്നലെ ഉച്ച മുതലാണ് വെള്ളം തുറന്നുവിടാൻ തുടങ്ങിയത്. പദ്ധതി പ്രദേശത്ത് കനത്തമഴ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും.
ആനത്തോട് ഡാം തുറന്ന് വിട്ടതോടെ പമ്പാനദിയിൽ ജലനിരപ്പ് വർദ്ധിക്കുമെന്നതിനാൽ നദീ തീരത്ത് താമസിക്കുന്നവരും, താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലാഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച കക്കി - ആനത്തോട് ഡാമിൽ നിലവിൽ 80 ശതമാനമാണ് ജലനിരപ്പ്.
976.30 മീറ്ററാണ് ഡാമിലെ നിലവിലുള്ള ജലനിരപ്പ്. പരമാവധി ശേഷി 981.456 മീറ്ററാണ്.
ഉപസംഭരണിയായ പമ്പാ ഡാമിൽ 978.45 മീറ്ററാണ് ജലനിരപ്പ്. പരമാവധി ശേഷി 986.33 മീറ്ററാണ്. ഇവിടെയും സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ഡാംസുരക്ഷാ വിഭാഗം നല്കുന്ന മുന്നറിയിപ്പ്. അതേസമയം, കഴിഞ്ഞദിവസം മാത്രം ശബരിഗിരി സംഭരണികളിലേക്ക് 22.11 മില്യൺ യൂണിറ്റ് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നതിനുള്ള വെള്ളം ഒഴുകിയെത്തി. ഒരുദിവസം കൊണ്ട് രണ്ടുശതമാനം ജലനിരപ്പ് വർദ്ധിച്ചു. പദ്ധതി പ്രദേശത്ത് 110 മില്ലീ മീറ്റർ മഴ കഴിഞ്ഞദിവസം പെയ്തിറങ്ങി.
മൂഴിയാർ ഡാം നിറഞ്ഞതിനെ തുടർന്ന് നേരത്തെ തന്നെ ഇവിടെ നിന്ന് അധികജലം തുറന്നു വിട്ടുകൊണ്ടിരിക്കുകയാണ്. രണ്ട് ഷട്ടറുകൾ 20 സെന്റീ മീറ്റർ വീതം ഉയർത്തിയാണ് അധികജലം തുറന്നുവിടുന്നത്. ശബരിഗിരി പദ്ധതി പ്രദേശത്ത് കഴിഞ്ഞ നാലുദിവസമായി രാപകലില്ലാതെ കനത്തമഴ തുടരുകയാണ്. ഇവിടെ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമായി ഡാം സുരക്ഷാവിഭാഗം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. വീടിന് മുകളിൽ മരം വീണും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |