കോഴിക്കോട്: കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ പ്ളാന്റ് തീവെപ്പിലും സംഘർഷത്തിലും നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് അഭ്യൂഹം. ഇതിന്റെ നിജസ്ഥിതി പൊലീസ് അന്വേഷിക്കും. കല്ലേറും സംഘർഷവും നടക്കുമ്പോൾ ഒരു സംഘമാളുകൾ സ്ഥലത്തുതന്നെ വിട്ടു നിന്നിരുന്നുവെന്നാണ് സൂചന. ഇവരുടെ നേതൃത്വത്തിലാണ് പ്ളാന്റിലെത്തി തീവെപ്പ് നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്ളാന്റിലെത്തി അധികം വെെകാതെ തീയുയരുന്നതാണ് കണ്ടത്. തീവെപ്പിനുള്ള സാമഗ്രികളടക്കം അവർ കെെയിൽ കരുതിയിരിക്കാമെന്നും ആക്ഷേപമുണ്ട്.
അതിനിടെ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും അക്രമത്തിലുണ്ടെന്ന് സി.പി.എം കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐ കലാപത്തിന് ശ്രമിച്ചെന്ന് സി.പി.എം ആരോപിച്ചതോടെ സംഘർഷത്തിന് രാഷ്ട്രീയ മാനവും കെെവന്നു. എസ്.ഡി.പി.ഐ ഭാരവാഹികൾ വിശദീകരണവുമായി രംഗത്തു വരാനിരിക്കുകയാണ്. അതേസമയം ആസൂത്രിതമായ അക്രമമല്ലെന്നും പൊലീസിന്റെ പ്രകോപനമാണ് കാരണമെന്നും യു.ഡി.എഫ് ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഫ്രഷ് കട്ട് സമരവും മുന്നണികൾ ആയുധമാക്കുകയാണ്.
തെളിവ് നശിപ്പിക്കാൻ ശ്രമം
പ്ളാന്റിൽ അക്രമത്തിനെത്തിയവർ സി.സി.ടി.വി ദൃശ്യങ്ങളിൽ പെടാതിരിക്കാൻ മുഖം മറച്ചിരുന്നു. തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏണിവച്ച് കയറിയും മറ്റും സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചു. ഹാർഡ് ഡിസ്കിന് പകരം ക്യാമറകളിൽ തന്നെയാണ് മെമ്മറി കാർഡുള്ളത്. ഇത് നശിപ്പിച്ചാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനാകില്ലെന്ന് അറിയാവുന്നവരാണ് അക്രമത്തിന് പിന്നിലെന്നും തീ വച്ചത് ആസൂത്രിതമാണെന്നും കമ്പനി അധികൃതർ പറയുന്നു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് കമ്പനിക്ക് തീയിട്ടതെന്ന് പറയുന്നു.
ഗ്യാസ് സിലിണ്ടർ കത്തിക്കാനും ശ്രമം
പ്ളാന്റിലെ അടുക്കളയിൽ നിന്നെടുത്ത പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീവയ്ക്കാനും ശ്രമിച്ചെന്ന് ആരോപണമുണ്ട്. സിലിണ്ടറുകൾ വാഹനങ്ങൾക്ക് അടിയിൽ കൊണ്ടുവന്നിട്ട് തീകൊളുത്താനും ശ്രമിച്ചു. അപ്രതീക്ഷിതമായി നടന്ന അക്രമത്തിൽ ജീവനക്കാർ നടുങ്ങി. സ്ഫോടക വസ്തുവിന്റെ അവശിഷ്ടമെന്ന് തോന്നിക്കുന്ന ചില തെളിവുകൾ കമ്പനിയിൽ നിന്ന് കിട്ടിയതായി വിവരമുണ്ട്. ഫോറൻസിക് പരിശോധനയിലേ ഇതു സംബന്ധിച്ച് വ്യക്തതയുണ്ടാകൂ.
മാലിന്യ പ്രശ്നം രൂക്ഷമെന്ന് നാട്ടുകാർ
പ്ളാന്റ് ഉയർത്തുന്ന മാലിന്യ പ്രശ്നം വളരെ വലുതാണെന്ന് പ്രദേശവാസികളും സമരസമിതി നേതാക്കളും പറയുന്നു. ഇരുതുള്ളി പുഴയിലേക്കാണ് മലിനജലവും മറ്റും ഒഴുക്കിവിടുന്നത്. ഇത് കുടിവെള്ള സ്രോതസുകളെ മലിനമാക്കി. പുഴയിൽ കുളിച്ചാൽ ചൊറിച്ചിലുണ്ടാകുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
361 പേർക്കെതിരെ കേസ്, ഡി.വൈ.എഫ്.ഐ നേതാവ് ഒന്നാംപ്രതി
താമരശ്ശേരി: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ 361 പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ, വധശ്രമം, പൊലീസുകാരെ പരിക്കേൽപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഘർഷത്തിന് പുറമെ പ്ലാന്റിന് തീയിട്ട സംഭവത്തിൽ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ച് എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്നർ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഇന്നലെ വൈകിട്ടാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് മുന്നിൽ സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്.
വീടുകളിൽ പൊലീസ് റെയ്ഡ്; പ്രതിഷേധം
കോടഞ്ചേരി: ഫ്രഷ് കട്ട് ഫാക്ടറിയിലെ സംഘർഷത്തിനു ശേഷം രാത്രി നോർത്ത് സോൺ ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പത്തിലേറെ ജീപ്പുകളിലും ഒരു ബസിലുമെത്തിയ പൊലീസ് സംഘം കരിമ്പാലക്കുന്ന് പ്രദേശങ്ങളിൽ റെയ്ഡ് നടത്തിയെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ അനാവശ്യ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കരുത്. ഇത് പ്രദേശത്തെ ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ജനാധിപത്യ രീതിയിൽ തികച്ചും സമാധാനപരമായി നടത്തുന്ന സമരങ്ങളെ പ്രകോപിപ്പിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടം ഇടപെടണം: എം.കെ.രാഘവൻ
കോഴിക്കോട്: താമരശ്ശേരി 'ഫ്രഷ് കട്ട്' മാലിന്യ സംസ്കരണ കേന്ദ്രം പ്രദേശവാസികളുടെ ജീവിതത്തെ ബാധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും സംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ശുദ്ധവായു പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും എം.കെ രാഘവൻ എം.പി.ജനപ്രതിനിധി എന്ന നിലയിൽ വിഷയത്തിൽ പല തവണ ഇടപെടുകയും ജില്ലാ കളക്ടറെ ഉൾപ്പെടെ ബോദ്ധ്യപ്പെടുത്തിയതുമാണ്. പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ആത്മാർത്ഥമായി ശ്രമിക്കണമെന്നും ജനങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും വരെ അവർക്ക് പൂർണ പിന്തുണ നൽകുമെന്നും എം.പി പറഞ്ഞു.
സമഗ്രാന്വേഷണം വേണം: സി.പി.എം
കോഴിക്കോട്: ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരായ ജനകീയ പ്രതിഷേധത്തിൽ നുഴഞ്ഞു കയറി കലാപം നടത്തിയവരെ സമഗ്ര അന്വേഷണത്തിലൂടെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ദുർഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികൾ ദീർഘകാലമായി സമരത്തിലാണ്. പ്രയാസമനുഭവിക്കുന്ന നിഷ്കളങ്കരായ ജനങ്ങളെ മറയാക്കി കഴിഞ്ഞ ദിവസം നടന്ന സമരത്തിൽ മുൻകൂട്ടി തീരുമാനിച്ച പ്രകാരം എസ്.ഡി.പി.ഐ അക്രമികൾ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു. നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ജില്ലാസെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രകോപനം ഉണ്ടാക്കിയത് റൂറൽ എസ്.പി: മുസ്ലിം ലീഗ്
കോഴിക്കോട്: ഫ്രഷ് കട്ട് പ്ലാന്റിന് മുന്നിൽ ഇരകൾ നടത്തിയ സമരം അക്രമാസക്തമാക്കിയത് റൂറൽ എസ്.പി കെ.ഇ.ബൈജുവാണെന്ന് മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു.പൊലീസാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. റൂറൽ എസ്.പി കെ.ഇ ബൈജുവിനെ സർവീസിൽ നിന്ന് മാറ്റിനിറുത്തി അന്വേഷിക്കണം. കട്ടിപ്പാറ പഞ്ചായത്ത് അനുമതി റദ്ദാക്കിയിട്ടും മന്ത്രി എം.ബി.രാജേഷ് ഇടപെട്ടാണ് സെക്രട്ടറി വഴി കമ്പനി ലൈസൻസ് നൽകിയതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |