കല്ലേലിഭാഗം: വൃദ്ധമാതാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ, സംശയ നിഴലിലായിരുന്ന മകൻ അറസ്റ്റിൽ.
കല്ലേലി ഭാഗം മാളിയേക്കൽ വീട്ടിൽ ശിവരാമന്റെ മകനും വിമുക്ത ഭടനുമായ മോഹൻകുമാറാണ് (വേണു, 74) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
2022 ആഗസ്റ്റ് 25നാണ് കേസിനാസ്പദമായ സംഭവം. മാതാവ് തങ്കമ്മയും മോഹൻ കുമാറും ഒരുമിച്ചായിരുന്നു താമസം. പ്രതിയുടെ മർദ്ദനമേറ്റ് അവശനിലയിലായ തങ്കമ്മയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടുത്തദിവസം മരിക്കുകയുമായിരുന്നു. തങ്കമ്മയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണത്തിനൊടുവിൽ മൂന്ന് വർഷത്തിന് ശേഷമാണ് മോഹൻ കുമാർ അറസ്റ്റിലാകുന്നത്. മരണക്കിടക്കയിൽ ആശുപത്രിയിലെ വനിതാ ഡോക്ടറോട് തങ്കമ്മ സംസാരിച്ചതിന്റെ വീഡിയോ ദൃശ്യമാണ് വഴിത്തിരിവായത്. ഈ ദൃശ്യം ശരിയായ വിധം മനസിലാക്കാൻ കഴിയാത്തതിനാൽ സാങ്കേതിക പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയായിരുന്നു പൊലീസ്. പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി ചാർജ് വഹിക്കുന്ന കൊല്ലം എ.സി.പി ഷെരീഫിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി. ബിജു, എസ്.ഐമാരായ ഷമീർ, ആഷിഖ്, വേണുഗോപാൽ, എസ്.സി.പി ഒ. ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |