പത്തനംതിട്ട : ക്രമസമാധാനപ്രശ്നമുണ്ടാകുന്ന സാഹചര്യങ്ങളിൽ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ഘട്ടംഘട്ടമായ വിവിധനിയമനടപടികൾ പ്രദർശിപ്പിച്ച് പൊലീസ് മോക് ഡ്രിൽ നടത്തി. രണ്ടു ദിവസമായി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി അടൂർ കെ.എ.പി മൂന്നാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്നുവന്ന മോബ് ഓപ്പറേഷൻ പരിശീലനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയുള്ള ഓരോ പൊലീസ് നടപടികളുടെയും പ്രദർശനമാണ് നടന്നത്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഉദ്ഘാടനം ചെയ്തു. ഡി.എച്ച്.ക്യൂ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി ബി.അനിലിനായിരുന്നു ചുമതല. പൊലീസ്, ആരോഗ്യം, ഫയർഫോഴ്സ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
ആക്രമണോൽസുകതയോടെ നിലകൊള്ളുന്ന ജനക്കൂട്ടത്തിന് നേരേ അന്തിമ നടപടിയെന്നോണം രണ്ട് റൗണ്ട് വെടിയും ഉതിർത്തു.
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ ചുമതലവഹിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ, അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാർ, പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നൂമാൻ, കോന്നി ഡിവൈ.എസ്.പി എസ്.അജയ് നാഥ്, നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിൽ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ബിനു വർഗീസ്, കെ.എ.പി മൂന്നാം ബറ്റാലിയൻ കമാണ്ടന്റ് മനോജ്.കെ.നായർ, ഡെപ്യൂട്ടി കമണ്ടാന്റ് പി.സജീന്ദ്രൻ പിള്ള, അസിസ്റ്റന്റ് കമാണ്ടന്റുമാരായ എ.എസ്.സുമേഷ്, ബിജു ദിവാകരൻ, ഇൻസ്‌പെക്ടർമാർമാരായ ശ്യാം മുരളി (അടൂർ ), ബി.രാജഗോപാൽ (കോന്നി) എന്നിവർ പങ്കെടുത്തു.
ഡി.എച്ച്.ക്യൂ ക്യാമ്പിലെ എസ്.ഐമാരായ ജയകുമാർ, സനൽ, എ.എസ്.ഐമാരായ ജയചന്ദ്രൻ, അൻവർ, ജയചന്ദ്രൻ, സി.പി.ഓമാരായ ജഗദീഷ്, ശ്യാം, എ.എസ്.ഐ.വിനയൻ, സുധീന്ദ്രൻ എന്നിവരാണ് ഡ്രില്ലിലെ വിവിധ ഘട്ടങ്ങൾ ഏകോപിപ്പിച്ചത്.
സർവസന്നാഹവുമായി പൊലീസ്
നാല് സെക്ഷനുകളായാണ് മോക് ഡ്രില്ലിൽ പൊലീസ് ഉദ്യോഗസ്ഥർ അണിനിരന്നത് . ഓരോ സെക്ഷനും നിയോഗിക്കപ്പെട്ട വിധത്തിൽ ആയുധങ്ങളേന്തിയും ആക്രമണം നേരിടാനുള്ള ഹെൽമെറ്റ്, ബോഡി പ്രോട്ടക്ടർ എന്നിവ ധരിച്ചും നിലയുറപ്പിച്ചു . ആദ്യത്തേത് കണ്ണീർവാതക ഷെല്ലുകൾ (എറിയുമ്പോൾ പൊട്ടുന്നതും, ഗൺ വച്ച് പൊട്ടിക്കുന്നതും) പ്രയോഗിക്കുന്ന വിഭാഗമായിരുന്നു. പിന്നിൽ ലാത്തിയേന്തിയവർ, അതിന് പിറകിലായി തോക്കുധാരികളായ പൊലീസ് ഉദ്യോഗസ്ഥരുടെ വിഭാഗം. ഏറ്റവും പിന്നിൽ പൊലീസ് നടപടിയിൽ പരിക്കുപറ്റുന്നവരെ സ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ആഡം സെക്ഷനും അണിനിരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |