
മോഷണമുതൽ മെട്രോ സ്റ്റേഷന് സമീപത്തെ തോട്ടിൽ താഴ്ത്തിയെന്ന് പ്രതിയുടെ വ്യാജമൊഴി
കൊച്ചി: എറണാകുളം നഗരത്തിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉൾപ്പെടെ 4.90 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണമുതൽ കടവന്ത്ര മെട്രോ സ്റ്റേഷന് സമീപത്തെ പാലത്തിന് താഴെ ചെളിക്കെട്ടിൽ ഒളിപ്പിച്ചെന്ന മോഷ്ടാവിന്റെ മൊഴിയെ തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ പാലത്തിന് താഴെ തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല.
ചളിക്കവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ മൗവ്വഞ്ചേരി മുതുകുറ്റി നവാത്ത് ചാലിൽഹൗസിൽ സഫീറിനെയാണ് (38) കടവന്ത്ര എസ്.എച്ച്.ഒ മഹേഷ്, എസ്.ഐ കെ. ഷാഹിന എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. കടവന്ത്ര ചൈതന്യ കണ്ണാശുപത്രിക്ക് സമീപം സുരഭി എൻക്ലേവ് കൗസ്കുഭം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കരമന സ്വദേശി ടി.വെങ്കിടേഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വെങ്കിടേഷും കുടുംബവും നാട്ടിൽ പോയ സമയത്ത് കഴിഞ്ഞ 11നും 13നും ഇടയിലാണ് മോഷണം നടന്നത്.
വീടിന്റെ മൂന്നാംനിലയുടെ ടെറസിലെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നത്. തുടർന്ന് ഒന്നാംനിലയിലെ കിടപ്പുമുറിയിലെ ഇരുമ്പലമാര കുത്തിത്തുറന്ന് അഞ്ച് പവൻ തൂക്കം വരുന്ന 4.50 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു. ഗുരുവായൂരപ്പന്റെ ഒരു പവന്റെ സ്വർണ ലോക്കറ്റും സ്വർണക്കമ്മലും സ്വർണ മാട്ടിയും ഉൾപ്പെടെയാണിത്. തുടർന്ന് രണ്ടാം നിലയിലെ മാസ്റ്റർ ബെഡ്റൂമിൽ നിന്ന് 40000 രൂപ വിലപിടിപ്പുള്ള ആപ്പിൾ സ്മാർട്ട് ഫോണും ലാപ്ടോപ്പും ഉൾപ്പെടെ കവർന്നു.
നേരത്തെ ഹോട്ടൽ നടത്തിയിരുന്ന പ്രതി നിലവിൽ ഓൺലൈൻ ഭക്ഷണ വിതരണക്കാരനാണ്. ഇതിന്റെ മറവിലാണ് സ്ഥലം കണ്ടുവച്ചതും മോഷണം നടത്തിയതും.
സി.സി ടിവി ദൃശ്യങ്ങളും ഫോൺ കോളുകളും ഉൾപ്പെടെ പരിശോധിച്ചാണ് കടവന്ത്ര പൊലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തപ്പോഴാണ് തൊണ്ടിമുതലിൽ കുറേ ഭാഗങ്ങൾ കടവന്ത്ര പാലത്തിനടിയിൽ ചെളിയിൽ ഒളിപ്പിച്ചതായി പറഞ്ഞത്. ഈ ഭാഗത്ത് പരിശോധന നടത്തിയിയെങ്കിലും ഒന്നും കണ്ടുകിട്ടിയില്ല. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തൊണ്ടിമുതലിൽ ചില ഭാഗങ്ങൾ കണ്ടെടുത്തു. എറണാകുളം സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ഉണ്ണിക്കൃഷ്ണൻ, അജിലേഷ്, പ്രശാന്ത്, ഹരീഷ്, ബിപിൻ, ഷിബു, റിനു മുരളി, എ.എസ്.ഐ രതീഷ്, പ്രവീൺ, ടോബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |