കോന്നി : കല്ലാറിനെ പുളകച്ചാർത്തണിയിച്ച് ആർപ്പുവിളികളോടെ ആവേശത്തുഴയെറിഞ്ഞ് നടന്ന കുട്ടവഞ്ചി തുഴച്ചിൽ മത്സരം കാഴ്ചയുടെ ദൃശ്യവിരുന്നായി. കോന്നി കരിയാട്ടം ടൂറിസം എക്‌സ്‌പോയുടെ ഭാഗമായി
ടൂറിസം കേന്ദ്രങ്ങളുടെ വികസനം മുൻനിറുത്തിയാണ് കല്ലാറിലെ തണ്ണിത്തോട് അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കുട്ടവഞ്ചികളുടെ ജലഘോഷയാത്രയും തുഴച്ചിൽ മത്സരവും സംഘടിപ്പിച്ചത്. കല്ലാറിന്റെ ഇരുകരകളിലും
ആർപ്പുവിളികളുമായി തടിച്ചുകൂടിയ വൻ ജനാവലിയെ ആവേശത്തിലാക്കി
25 കുട്ടവഞ്ചികളാണ് പ്രദർശന ജലഘോഷയാത്രയിൽ പങ്കെടുത്തത്. എല്ലാ കുട്ടവഞ്ചികളും മനോഹരമായി അലങ്കരിച്ചിരുന്നു. വിവിധ വർണ്ണങ്ങളിലുള്ള മുത്തുക്കുടകൾ, പ്രശ്ചന്ന വേഷങ്ങൾ , ആനച്ചിത്രങ്ങൾ തുടങ്ങി വൈവിദ്ധ്യമായി അണിനിരന്ന ഓരോ കുട്ടവഞ്ചികളും ഒന്നിനൊന്ന് മെച്ചപ്പെട്ട മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചത്.
ജില്ലാ കളക്ടർ എസ്.പ്രേകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്ത ജലഘോഷയാത്രയെ
ആർപ്പുവിളികളും കരഘോഷങ്ങളും ചൂളംവിളികളുമായാണ് നാട് എതിരേറ്റത്. മൂന്ന് ബാച്ചുകളിലായി നടന്ന മത്സരത്തിൽ രാധാകൃഷ്ണൻ നായർ, ജോസഫ് എന്നിവർ തുഴഞ്ഞ വഞ്ചി ഒന്നാംസ്ഥാനവും , മുരളിധരൻനായർ , അഴകൻ എന്നിവർ തുഴഞ്ഞ വഞ്ചി രണ്ടാംസ്ഥാനവും സുകേശൻ, വിൽസൺ എന്നിവർ തുഴഞ്ഞവഞ്ചി മൂന്നാം സ്ഥാനവും നേടി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |