
ശബരിമല : ദേവസ്വം ബോർഡ് അംഗങ്ങളുടെ വിയോജിപ്പും ജീവനക്കാർക്കിടയിലെ ഭിന്നതയും മൂലം ഇന്ന്
മുതൽ സന്നിധാനത്ത് തുടങ്ങാൻ നിശ്ചയിച്ചിരുന്ന കേരളീയ അന്നദാന സദ്യ വൈകും. പരിപ്പും പപ്പടവും
പായസവും ഉൾപ്പടെയുള്ള കേരളീയ സദ്യ ഇന്ന് ഉച്ചയ്ക്ക് മുതൽ ദേവസ്വം മെസൽ വിളമ്പുമെന്നാണ് കഴിഞ്ഞാഴ്ച ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ അറിയിച്ചിരുന്നത്. ഇതനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ
തുടങ്ങിയിരുന്നു. ബോർഡ് പ്രസിഡന്റിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ ബോർഡ് അംഗങ്ങളായ പി.ഡി.സന്തോഷ് കുമാറും കെ.രാജുവും കഴിഞ്ഞ ദിവസം വിയോജിപ്പ് അറിയിച്ചിരുന്നു. ബോർഡ് യോഗത്തിൽ ചർച്ച ചെയ്യാതെയാണ് പ്രസിഡന്റ് ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ചതെന്നതും അംഗങ്ങൾ ആരോപിച്ചിരുന്നു. പ്രഖ്യാപന ശേഷമാണ് പ്രസിഡന്റ് ബോർഡ് യോഗത്തിൽ അജണ്ട ഉൾപ്പെടുത്താൻ ശ്രമിച്ചത്. സദ്യ നൽകുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഗണിക്കാതെയുള്ള തീരുമാനത്തിൽ പിഴവുകളുണ്ടായാൽ ഭാവിയിൽ തങ്ങളും ഉത്തരം പറയേണ്ടി വരുമെന്നാണ് അംഗങ്ങളുടെ നിലപാട്. ശരിയായ നടപടിക്രമം പാലിച്ച ശേഷം സദ്യയുമായി മുന്നോട്ട് പോയാൽ മതിയെന്നും അംഗങ്ങൾ അറിയിച്ചു. ഇതോടെ അടുത്ത ബോർഡ് യോഗത്തിൽ വിശദമായി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം
ഉണ്ടാവുക.
നിലവിൽ നൽകിയിരിക്കുന്ന ഭക്ഷണ കരാർ കാലാവധിക്ക് മുമ്പേ റദ്ദാക്കി, കേരളീയ സദ്യയ്ക്കനുസരിച്ച് പുതിയ കരാർ നൽകുമ്പോൾ നിയമപരവും സാങ്കേതികുമായ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. വാഴയില ഒഴിവാക്കി സ്റ്റീൽ പ്ളേറ്റുകളിലാണ് സദ്യ വിളമ്പുന്നത്. ഒരു പ്ളേറ്റിന്റെ വില, കരാറിലെ പുതിയ വ്യവസ്ഥകളുടെ വിശദാംശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണം. സദ്യ
വയ്ക്കാനും വിളമ്പാനും പരിചയ സമ്പന്നരായ ജോലിക്കാരെയും കണ്ടെത്തണം. ഇതിനെല്ലാം സാവകാശം ആവശ്യമാണ്.
സദ്യ തീർത്ഥാടകർക്ക് ഇഷ്ടമാകുമോ ?
വർഷങ്ങളായി ശബരിമലയിൽ ആന്ധ്ര, കർണ്ണാടക, തമിഴ്നാട് തീർത്ഥാടകരുടെ ഇഷ്ട ഭക്ഷണമായ ബുലാവാണ് നൽകി വരുന്നത്. ഇതുമാറ്റി പകരം ഇന്ന് മുതൽ ചോറ്, പരിപ്പ്, പപ്പടം, സാമ്പാർ, അവിയൽ , തോരൻ, അച്ചാർ, പായസം എന്നിങ്ങനെ ഏഴ് വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യ വിളമ്പുമെന്നായിരുന്നു പ്രഖ്യാപനം. നാലായിരത്തോളം പേരാണ് ഒരേ സമയം അന്നദാനത്തിൽ പങ്കെടുക്കുന്നത്. തീർത്ഥാടന കാലത്തിന് മുമ്പ് ഇതര സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പ് അധികൃതരുമായി നടത്തിയ കൂടിയാലോചനയിൽ ബുലാവ് മതിയെന്നാണ് തീരുമാനിച്ചിരുന്നത്. മലയാളികളെ അപേക്ഷിച്ച് ഇത്തര സംസ്ഥാനക്കാരാണ് അന്നദാനത്തിൽ കൂടുതലും പങ്കാളികളാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |