
ശബരിമല : ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം വന്നത് അയ്യപ്പഭക്തരെ നിരാശരാക്കി . ഒരു തീർത്ഥാടകന് പരമാവധി 20 ടിൻ അരവണയാണ് ഇപ്പോൾ നൽകുന്നത് .സ്റ്റോക്ക് കുറഞ്ഞതിനെ തുടർന്നാണ് ഈ നിയന്ത്രണം വന്നത് . ഒരാൾക്ക് 20 ടിൻ അരവണ എന്നുള്ള ബോർഡുകൾ പ്രസാദ വിതരണ കൗണ്ടറുകളിൽ സ്ഥാപിച്ചിട്ടുണ്ട് .കഴിഞ്ഞ മണ്ഡലകാലത്ത് അരവണ നിറയ്ക്കുന്ന കണ്ടെയ്‌നർ ലഭ്യമാകാതെ ക്ഷാമം വന്നതോടെ അരവണ വിതരണത്തിൽ പ്രതിസന്ധിയുണ്ടായിരുന്നു .ഇത്തവണ കണ്ടെയ്‌നർ ക്ഷാമമാണോ എന്ന് വ്യക്തമല്ല .ഒരാഴ്ച കഴിഞ്ഞാൽ മണ്ഡലപൂജയ്ക്ക് ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരാൻ സാദ്ധ്യതയുള്ളതിനാൽ നിലവിലുണ്ടായ അരവണ വിതരണ നിയന്ത്രണം ആശങ്ക സൃഷ്ടിക്കുന്നുണ്ട് .ശബരിമലയിൽ നിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും അരവണയിൽ നിന്നാണെന്നിരിക്കെ നിയന്ത്രണം വന്നത് വരുമാനത്തെയും ബാധിക്കും .ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അധികൃതർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്ന ആക്ഷേപം ശക്തമാണ് .മണ്ഡലകാലം ആരംഭിച്ച ആദ്യ 15 ദിവസത്തിനുള്ളിൽ അരവണ വിറ്റ് മാത്രം 47 കോടി രൂപ ലഭിച്ചിരുന്നു .അരവണ വിതരണത്തിലെ നിയന്ത്രണം തുടർന്നാൽ വരുമാനത്തിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നുറപ്പാണ് .കരുതൽ ശേഖരത്തിലെ കുറവാണോ കണ്ടെയ്‌നർ ക്ഷാമാണോ എന്ന് ദേവസ്വം ബോർഡ് ഇനിയും വ്യക്തമാക്കേണ്ടതുണ്ട് .കണ്ടെയ്‌നർ ക്ഷാമമാണെങ്കിൽ കരാറുകാരനെതിരെ വീഴ്ച വരുത്തിയതിന് നടപടിക്ക് സാദ്ധ്യതയുണ്ട് .ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അടിയന്തരമായി ഇടപെടണമെന്ന് ശബരിമലയിൽ ആവശ്യത്തിന് അരവണ ലഭിക്കാതെ നിരാശരാകുന്ന അയ്യപ്പഭക്തരും ആവശ്യപ്പെടുന്നുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |