പത്തനംതിട്ട : പന്തളം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ കാൽനടയായി ശബരിമലയിലേക്ക് എത്തിക്കുന്നതിനായി പന്തളം രാജവ് നിർമ്മിച്ച തിരുവാഭരണപാതയ്ക്ക് കയ്യേറ്റക്കാരുടെ പിടിയിൽ നിന്ന് മോചനമായില്ല.
കയ്യേറ്റമൊഴുപ്പിച്ച് ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി 2008ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കയ്യേറ്റങ്ങൾ അളന്നു തിട്ടപ്പെടുത്താൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
2009ൽ ജില്ലാ കളക്ടറായിരുന്ന ടി.ടി.ആന്റണി പാതയിലെ റാന്നി ആഴിക്കൽ മുതൽ ബ്ലോക്കുപടി വരെയുള്ള ഒരു കിലോമീറ്റർ ഒഴികെയുള്ള ഭാഗത്തെ കയ്യേറ്റങ്ങൾ അളന്നു തിട്ടപ്പെടുത്തി. ആദ്യ അളവിൽ 485 കയ്യേറ്റങ്ങളും പിന്നീട് 57 കയ്യേറ്റങ്ങളും കണ്ടെത്തി. ജില്ലാകളക്ടർക്ക് സ്ഥലം മാറ്റമായതോടെ തുടർ നടപടികൾ നിലച്ചു. പിന്നീട് പി.വേണുഗോപാൽ ജില്ലാ കളക്ടറായി എത്തിയതോടെ ഭൂമി വീണ്ടെടുക്കൽ പുനരാരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പുതുക്കട മുതൽ ചെമ്മണ്ണ് ളാഹ വരെ എട്ട് മീറ്റർ വീതിയിൽ 3.5കി.മീറ്റർ ഭൂമിയാണ് ഹാരിസൺ മലയാളം പ്ലാന്റേഷൻ കയ്യേറിയത്. ഇതുപോലെ ആറന്മുള ഗ്രമപഞ്ചായത്തിലെ കിടങ്ങന്നൂരിൽ പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലിരിക്കുന്ന സ്ഥലം സ്വകാര്യവ്യക്തി കൈയേറുകയും ലോഡുകണക്കിന് മണ്ണ് നീക്കം ചെയ്തു വഴിനിർമ്മിച്ചതായും ആരോപണമുണ്ട്.
തിരുവാഭരണ പാത
നീളം : 83 കിലോമീറ്റർ
ജനവാസ മേഖല : 43 കിലോമീറ്റർ
വനമേഖല : 40 കിലോമീറ്റർ
വീതി : അഞ്ച് മീറ്റർ മുതൽ 42 വരെ
കണ്ടെത്തിയ കയ്യേറ്റങ്ങൾ : 542
12 വില്ലേജുകളിലൂടെ
പന്തളം മുതൽ പെരുനാട് വരെയുള്ള 12 വില്ലേജുകളിലൂടെയാണ് തിരുവാഭരണ പാത കടന്നുപോകുന്നത്. ഇതിൽ പന്തളം വില്ലേജിൽ മാത്രമാണ് കയ്യേറ്റമില്ലാത്തത്. വിവിധ ഗ്രാമപഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത്, പി.ഡബ്ലു.ഡി, കെ.എസ്.ടി.പി എന്നിവരാണ് പാതയുടെ കൈവശാവകാശികൾ. വ്യക്തികളും സ്ഥാപനങ്ങളും കൂടാതെ ഹരിസൺ മലയാളം പ്ലാന്റേഷനും തിരുവാഭരണ പാത കയ്യേറിയവരുടെ പട്ടികയിലുണ്ട്.
കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യും
തിരുവാഭരണ പാതയിലെ കയ്യേറ്റം കണ്ടെത്തിയിട്ടും തിരിച്ചെടുക്കാൻ മടിക്കുന്ന ജില്ലാ ഭരണകൂടത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യും. കയ്യേറ്റം കണ്ടെത്തിയ ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വൃക്ഷങ്ങളും മറ്റ് വസ്തുക്കളും കടത്തിക്കൊണ്ടുപോയിട്ടുണ്ട്.
പ്രസാദ് കുഴിക്കാല,
ജനറൽ സെക്രട്ടറി,
തിരുവാഭരണപാത സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |