
പത്തനംതിട്ട : ജില്ലയിൽ മലിനജലം കാരണമായുണ്ടാകുന്ന മഞ്ഞപ്പിത്തം പടരുന്നു. ഒൻപത് ദിവസത്തിനിടെ 21 പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ശീതളപാനീയങ്ങളുടെ ഉപയോഗവും വീടുകൾക്കും സ്ഥാപനങ്ങൾക്കും സമീപം മലിനജലം കെട്ടിക്കിടക്കുന്നതുമാണ് മഞ്ഞപ്പിത്തം പടരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കല്ല്യാണവേദികളിലെ വെൽക്കം ഡ്രിങ്കുകളിൽ ശുചിത്വമില്ലാത്ത വെള്ളം ഉപയോഗിക്കുന്നതും മഞ്ഞപ്പിത്തത്തിന് കാരണമാകുന്നുണ്ട്. തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കുന്നതും രോഗമുണ്ടാക്കുന്നു. കല്ല്യാണ, ഗൃഹപ്രവേശന ചടങ്ങുകളുടെ സീസണായതിനാൽ രോഗം കൂടാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ജില്ലയിൽ കണ്ടെത്തിയ മഞ്ഞപ്പിത്ത കേസുകൾ കൂടുതലും സ്കൂൾ കുട്ടികളിലും യുവാക്കളിലുമാണ്. ശീതള പാനീയങ്ങളുടെ നിർമാണത്തിൽ നിർബന്ധമായും ശുചീകരിച്ച വെള്ളം ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. വീടുകൾക്കും സ്ഥാപനങ്ങൾക്കും സമീപത്തുള്ള കൈത്തോടുകളിൽ നിന്ന് മലിനജലം ജലസ്രോതസുകളിലേക്ക് എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഒഴിവാക്കാൻ തോടുകൾ ശുചിയാക്കണം. മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് ബോധവൽക്കരണം തുടങ്ങി.
വേണം ജാഗ്രത
കുടിവെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക. തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. ഭക്ഷണത്തിന് മുമ്പും ടോയ്ലെറ്റ് ഉപയോഗിച്ചതിനു ശേഷവും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. ശുദ്ധജല സ്രോതസുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. കുഞ്ഞുങ്ങളുടെ വിസർജ്യം കക്കൂസുകളിൽ നിക്ഷേപിക്കുക. പനി, ഓക്കാനം, ഛർദി, ശരീര വേദന , വയറുവേദന , മൂത്രത്തിനോ കണ്ണിനോ , ത്വക്കിനോ മഞ്ഞനിറം എന്നിവയിൽ ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആരോഗ്യപ്രവർത്തകരെയോ വിവരമറിയിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ മൂന്നാഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വിശ്രമിക്കണം.
മലിനജലം ഇല്ലാതാക്കാനുള്ള നടപടികൾ ഫലപ്രദമല്ല.
മഞ്ഞപ്പിത്തം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാർ അതീവ ജാഗ്രത പുലർത്തണം.
ഡോ.എൽ.അനിതകുമാരി,ജില്ലാ മെഡിക്കൽ ഓഫീസർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |