
കോന്നി : അച്ചൻകോവിൽ ധർമ്മശാസ്താക്ഷേത്ര ഉത്സവത്തിന് എഴുന്നെള്ളിക്കാനായി ഐരവൺ പുതിയകാവ് ഭഗവതീക്ഷേത്രത്തിൽ നിന്ന് അന്നക്കൊടി ഇന്ന് രാവിലെ കൊണ്ടുപോകും. പുതിയകാവ് ദേവീക്ഷേത്രത്തിന്റെ നാല് കരകളായ മങ്ങാരം, അരുവാപ്പുലം, ഐരവൺ, കോന്നി താഴം കരകളിലെ അന്നക്കൊടിയുടെ എഴുന്നെള്ളത്ത് പൂർത്തിയായി. നെല്ലുപറ, അരിപ്പറ, അൻപൊലി എന്നിവയാണ് ഭക്തജനങ്ങൾ എഴുന്നെള്ളിപ്പിന് സമർപ്പിക്കുന്നത്. തങ്കത്തിൽ നിർമ്മിച്ച കോടമല സങ്കൽപ്പമുള്ള അന്നക്കൊടി പാണ്ഡ്യരാജാക്കന്മാരുടെ കോന്നിയുമായുള്ള ബന്ധത്തിന്റെ ചരിത്രസ്മൃതിയാണ്.
നാളെ മുതൽ അച്ചൻകോവിൽ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നെള്ളത്തിന് അന്നക്കൊടി ഉണ്ടാവും. ആറാട്ട് ഉത്സവത്തിന് ശേഷം ഐരവൺ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ തിരികെ എത്തിക്കും. വർഷം മുഴുവൻ അന്നക്കൊടി സൂക്ഷിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. മുൻപ് പ്രദേശത്തെ പുരാതന തറവാടുകളായിരുന്ന മറ്റപ്പള്ളിലും വെൺമേലിയിലും അന്നക്കൊടി സൂക്ഷിച്ചിരുന്നു.
പാണ്ഡ്യരാജാക്കന്മാരുടെ പെരുമ
ശത്രുക്കളുടെ ആക്രമണത്തെ തുടർന്ന് മധുരവിട്ട പാണ്ഡ്യരാജാക്കന്മാർ അച്ചൻകോവിൽ വഴി കോന്നിയിലും തുടർന്ന് പന്തളത്തും എത്തിയതായാണ് ചരിത്ര രേഖകൾ. അച്ചൻകോവിലാറിന്റെ തീരത്ത് കൂടി കോന്നിയിൽ എത്തിയ പാണ്ഡ്യരാജാക്കന്മാർ സ്ഥാപിച്ച ക്ഷേത്രങ്ങളാണ് കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രവും ഐരവൺ പുതിയകാവ് ഭഗവതി ക്ഷേത്രവും. പുതിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം രാജവംശത്തിന്റെ പടയാളികൾക്ക് ആയോധനകലയിൽ പരിശീലനം നൽകിയിരുന്നു. അച്ചൻകോവിൽ ക്ഷേത്രത്തിനും പാണ്ഡ്യരാജാക്കന്മാർക്കും കോന്നിയുമായുള്ള ബന്ധത്തിന്റെ ശേഷിപ്പായി മാറുകയാണ് ഇന്നും അന്നക്കൊടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |