
കോഴഞ്ചേരി : കോഴഞ്ചേരി കൊല്ലീരേത്ത് പരേതനായ തങ്കപ്പനാചാരിയുടെ കുടുംബത്തിന്റെ നിയോഗമാണ് അയ്യപ്പസ്വാമിയുടെ തങ്കഅങ്കി വഹിക്കുന്ന രഥം ഒരുക്കുകയെന്നത്. തങ്കഅങ്കി ഘോഷയാത്ര ഇന്ന് ആറന്മുളയിൽ നിന്ന് പുറപ്പെടുമ്പോൾ തങ്കപ്പനാചാരിയുടെ മക്കളായ വിജുവും അനുവും ചെറുമകൻ ശരണും ചേർന്നൊരുക്കിയ രഥം ഘോഷയാത്രയിലുണ്ടാകും. കോഴഞ്ചേരിയിൽ ടാക്സി ജീപ്പ് ഡ്രൈവറായിരുന്ന തങ്കപ്പനാചാരി നാല് പതിറ്റാണ്ടിലേറെക്കാലം രഥത്തിന്റെ ശിൽപ്പിയായിരുന്നു. ജീപ്പ് രഥമാക്കി മാറ്റി അതിന്റെ സാരഥിയായി തങ്കഅങ്കിയുമായി ആറന്മുളയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്ര ദൈവ നിയോഗമായാണ് അദ്ദേഹം കണ്ടിരുന്നത്. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലുള്ള രഥത്തിൽ പതിനെട്ടാംപടിയും കൊടിമരവും അയ്യപ്പ വിഗ്രഹവും ഉൾപ്പെട്ടിരുന്നു. പുലി വാഹനനായ അയ്യപ്പന്റെ രൂപവും അകമ്പടിയായുള്ള പുലികളും തടിയിൽ നിർമ്മിച്ച രഥത്തിന്റെ ഭാഗമാണ്. വൈദ്യുത ദീപാലങ്കാരവും ജയവിജയന്മാരുടെ ശരണകീർത്തനവുമായി നീങ്ങുന്ന തങ്കഅങ്കി രഥം ശബരിമല ദർശനത്തിന്റെ അനുഭവമാണ് പകർന്നിരുന്നത്. 2017ൽ തങ്കപ്പനാചാരിയുടെ വിയോഗത്തെ തുടർന്ന് നിയോഗം മക്കൾ ഏറ്റെടുത്തു. വൃശ്ചികം ഒന്ന് മുതൽ വ്രതം നോക്കിയാണ് രഥത്തിന്റെ നിർമാണത്തിനും യാത്രയ്ക്കും സഹോദരങ്ങളായ വിജുവും അനുവും ഒരുങ്ങുന്നത്. രഥ നിർമ്മാണത്തിനും യാത്രയ്ക്കും സഹായിച്ചിരുന്ന തങ്കപ്പനാചാരിയുടെ രണ്ടാമത്തെ മകൻ വിനു ഗൾഫിലായതിനാൽ ഇക്കുറി ഒപ്പമില്ല. ഇന്ന് പുലർച്ചെ കുടുംബക്ഷേത്രമായ കൊല്ലീരേത്ത് ദേവീ ക്ഷേത്രത്തിൽ വിളക്ക് തെളിയിച്ചശേഷം രഥം ആറന്മുള ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |