
കൊടുമൺ : ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം പിന്നിടുമ്പോൾ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയം നാശത്തിന്റെ ട്രാക്കിലേക്ക്. സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞു രൂപപ്പെട്ട കുഴികളിൽ പുല്ല് കിളിർത്തു. മൈതാനത്ത് നട്ടു പിടിപ്പിച്ചിരുന്ന പച്ചപ്പുല്ലുകൾ വെട്ടിയൊതുക്കാനോ സംരക്ഷിക്കാനോ ആളില്ലാത്ത അവസ്ഥ. സ്റ്റേഡിയത്തിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ നികത്തി നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ ശ്രമിക്കുന്നില്ല. സിന്തറ്റിക്ക് ട്രാക്കിലൂടെ ഓടുന്ന കായിക താരങ്ങൾ കുഴിയിൽ തട്ടിവീഴാൻ സാദ്ധ്യതയേറെയാണ്.
ബാസ്ക്കറ്റ് ബോൾ, വോളിബോൾ കോർട്ടുകൾക്ക് ചുറ്റിനും പുല്ല് വളർന്നിട്ടുണ്ട്. ജമ്പിംഗ് പാഡ് മഴയും വെയിലുമേറ്റ് നശിച്ച് കിടക്കുകയാണ്. രാവിലെയും വൈകിട്ടും നിരവധി പേർ പരിശീലനം നടത്തുന്ന സ്റ്റേഡിയമാണിത്.
വെള്ളക്കെട്ട് കടക്കണം
കൊടുമൺ സ്റ്റേഡിയത്തിൽ മഴയുള്ള സമയത്ത് പ്രവേശനകവാടം കടക്കണമെങ്കിൽ വലിയൊരു വെള്ളക്കെട്ട് കടന്നുപോകേണ്ടി വരും. മഴ പെയ്താൽ മുട്ടറ്റം വെള്ളം ആണ്. റോഡിൽ നിന്ന് ചെളി നിറഞ്ഞ വെള്ളക്കെട്ടിന് മുകളിലൂടെയാണ് വിദ്യാർത്ഥികൾ ഇവിടെ പരിശീലനത്തിനായി എത്തുന്നത്.
തെരുവ് നായ ശല്യവും
തെരുവ് നായകളുടെ ആവാസകേന്ദ്രം കൂടിയാണ് കൊടുമൺ സ്റ്രേഡിയം. നിരവധി നായകളാണ് ഇവിടെ ട്രാക്കിലും പവലിയനിലും വിശ്രമകേന്ദ്രത്തിലുമായി വിഹരിക്കുന്നത്. നടക്കാനിറങ്ങുന്ന ചിലരെ നായകൾ ആക്രമിക്കാറുമുണ്ട്.
15.10 കോടിയുടെ സ്റ്റേഡിയം
സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ 15.10 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചതാണ് ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയം. ഫുട്ബാൾ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്ബോൾ, വോളിബോൾ കോർട്ടുകൾ, ഷട്ടിൽ കോർട്ടുകൾ, സിന്തറ്റിക് ട്രാക്ക് തുടങ്ങിയവ ഉൾപ്പെടുന്നു. കളിക്കാർക്കുള്ള വിശ്രമമുറികൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പാർക്കിംഗ് സൗകര്യം, സ്ത്രീകൾക്കും പുരുഷൻമാർക്കും ഉള്ള ടോയ്‌ലറ്റുകൾ, ഫ്‌ളഡ്‌ലൈറ്റ് സംവിധാനം തുടങ്ങിയവയും പരിപാലനമില്ലാതെ നശിക്കുകയാണ്. സ്റ്റേഡിയത്തിൽ സുരക്ഷാ ഗാർഡുമില്ല.
ഉദ്ഘാടനം ചെയ്തത് 2022 മെയ് 18ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |