
തിരുവല്ല : പത്മരാജന്റെ രചനയിൽ ഐ.വി.ശശി സംവിധാനം ചെയ്ത് മലയാളത്തിലെ സൂപ്പർതാരനിരയുമായി 1985ൽ റിലീസ് ചെയ്ത 'കരിമ്പിൻ പൂവിന്നക്കരെ' എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ലോക്കേഷനായ കല്ലുങ്കൽ കരിമ്പ് ഗവേഷണ കേന്ദ്രം തമിഴ് താരം സൂര്യയുടെ 47-ാമത് ചിത്രത്തിന് ക്യാമറക്കാഴ്ചയാകുന്നു. പൂത്തുനിൽക്കുന്ന കരിമ്പിൻ തോട്ടത്തിൽ രണ്ടുദിവസമായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഫഹദ് ഫാസിൽ മുഖ്യവേഷത്തിൽ എത്തി യുവാക്കളുടെ ഇടയിൽ തരംഗമായി മാറിയ ആവേശം എന്ന ചിത്രം സംവിധാനം ചെയ്ത ജിത്തു മാധവനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മലയാളത്തിന്റെ അഭിമാനം നസ്രിയ നായികയായി എത്തുന്നു. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ പുതുതലമുറ താരങ്ങളുമുണ്ട്. കൊച്ചിയും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളും ചിത്രത്തിന്റെ ലോക്കേഷനാണ്. 47-ാം പിറന്നാൾ ആഘോഷമാക്കുന്ന സൂര്യയുടെ 47-ാമത്തെ സിനിമയ്ക്ക് സൂര്യ 47 എന്നാണ് ഫാൻസുകാർ പേരിട്ടിരിക്കുന്നത്.
സുഷിന് ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ സൂര്യ, ജ്യോതിക, നസ്രിയ, നസ്ലിൻ തുടങ്ങിയ താരങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
കേരളത്തിലേക്ക് സ്ഥലം മാറ്റം കിട്ടി വരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ. കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ കരിമ്പിൻ തോട്ടത്തിൽ ക്രൈം സീനിന്റെ ചിത്രീകരണമാണ് നടന്നുവരുന്നത്.
'കരിമ്പിൻ പൂവിന്നക്കരെ'
നാലുപതിറ്റാണ്ട് മുമ്പ് കരിമ്പിൻ പൂവിന്നക്കരെയുടെ ചിത്രീകരണം കല്ലുങ്കൽ, വെൺപാല പ്രദേശത്തിന് ഉത്സവമായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഭരത് ഗോപിയും ഉർവശിയും സീമയും കരിമ്പിൻ തോട്ടത്തിൽ തൊഴിലാളികളായി എത്തിയത് നാട് മറന്നിട്ടില്ല. പ്രതികാരദാഹികളായ തൊഴിലാളികളുടെ കഥ പറഞ്ഞ ഐ.വി.ശശി ചിത്രത്തിന്റെ അണിയറയിൽ മലയാളത്തിലെ പ്രമുഖരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |