തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. കാവുംഭാഗം എറങ്കാവ് ഭഗവതിക്ഷേത്രത്തിൽ നിന്ന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടാണ് ഘോഷയാത്ര ആരംഭിച്ചത്. കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, നെടുമ്പ്രം ജംഗ്ഷനുകളിൽ വിവിധ ക്ഷേത്രഭാരവാഹികളും രാഷ്ട്രീയ - സാമുദായിക - സാംസ്‌കാരിക പ്രവർത്തകരും വൻവരവേൽപ്പ് നൽകി. ദേവിക്ക് ചാർത്താനായി തങ്ക തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങളും അണിചേർന്നു. ക്ഷേത്ര മുഖ്യകാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇന്ന് കാവടി-കരകാട്ടവും ചക്കരകുളത്തിൽ ആറാട്ടും മഞ്ഞനിരാട്ടും നടക്കും. തുടർന്ന് കൊടിയിറക്കോടെ ഉത്സവാഘോഷങ്ങൾക്ക് സമാപനമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |