
പ്രമാടം : പ്രമാടം കൃഷിഭവന് പിന്നിലെ കാഞ്ഞിരംവയലിൽ സോളാർവേലികൾ ഉൾപ്പെടെ തകർത്ത് കാട്ടുപന്നികളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുഴിപ്പറമ്പിൽ സജി, മങ്ങാട്ട് രാജു എന്നിവർ സ്ഥാപിച്ചിരുന്ന സോളാർ വേലികൾതകർത്ത് പന്നികൾ കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയത്. കൃഷി ഉപജീവനമാക്കിയ ഇവർ പലരിൽ നിന്നും കടംവാങ്ങിയാണ് അടുത്തിടെ ഒരേക്കറോളം സ്ഥലത്ത് സോളാർ വേലി സ്ഥാപിച്ചത്. എല്ലാ ദിവസവും വൈകിട്ട് ആറിന് ഓൺ ചെയ്ത് രാവിലെ ആറിന് സ്വയം ഓഫ് ആകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. തുടക്കത്തിൽ ശല്യമില്ലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിൽ പ്രവേശിച്ച പന്നിക്കൂട്ടം പാവൽ, പടവലം, പയർ , ചീര , ഏത്തവാഴകൾ എന്നിവയാണ് നശിപ്പിച്ചത്. സ്ഥലം പാട്ടത്തിനെടുത്തും ലോണെടുത്തുമൊക്കയാണ് ഇവർ കൃഷി ഇറക്കിയിരുന്നത്. വേലി സ്ഥാപിക്കാത്ത മറ്റ് കർഷകരുടെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. അടുത്തിടെ വരെ കർഷകർ പടക്കം പൊട്ടിച്ചും രാത്രിയിൽ ഉറങ്ങാതെ കാവൽ ഇരുന്നുമൊക്കെ ഒരു പരിധിവരെ കൃഷി നശിപ്പിക്കാൻ എത്തുന്ന പന്നികളെ തുരത്തിയിരുന്നു. എന്നാൽ രാത്രികാങ്ങളിലെ അതിശക്തമായ തണുപ്പ് ഇതിന് പ്രതിസന്ധി സൃഷ്ടിച്ചു. ഈ തക്കം നോക്കിയാണ് പന്നിക്കൂട്ടം വീണ്ടും ഇറങ്ങാൻ തുടങ്ങിയത്. ഇത്തരം നാശനഷ്ടങ്ങൾക്ക് കൃഷി വകുപ്പിൽ നിന്നും നഷ്ടപരിഹാരവും ലഭിക്കാത്തതിനാൽ എന്ത് ചെയ്യുമെന്ന വിഷമത്തിലാണ് കർഷകർ. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നിയമമുണ്ടെങ്കിലും പ്രമാടം പഞ്ചായത്തിൽ ഇത് പ്രഹസനമാണ്.
ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പ്രമാടം.
പാടത്തിറങ്ങാൻ ഭയന്ന് കർഷകർ
1 ഇരുളിന്റെ മറ വിട്ട് പട്ടാപ്പകലും അക്രമകാരികളായ കാട്ടുപന്നികൾ ഇറങ്ങാൻ തുടങ്ങിയതോടെ പാടത്തിറങ്ങാൻ ഇപ്പോൾ ഇവിടുത്തെ കർഷകർക്ക് പേടിയാണ്. കാഞ്ഞിരംവലയിൽ പലതവണ കർഷകർക്ക് നേരെ പന്നികൾ ആക്രമണത്തിന് മുതിർന്നിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെട്ടത്.
2 സമീപത്തെ കാടുമൂടിയ പ്രദേശങ്ങളും തീറ്റപ്പുൽ കൃഷി സ്ഥലവുമൊക്കെയാണ് പന്നികളുടെ പ്രധാന താവളം. അടുത്തിടെയായി കർഷകർ പടക്കം പെട്ടിച്ചും പാട്ടകൊട്ടിയുമൊക്കെ രാത്രികാലങ്ങളിൽ ഇവയെ തുരത്തുന്നത് പതിവാണ് . ഇതോടെയാണ് ഇവ പകൽ വെളിച്ചത്തിൽ ഇറങ്ങിത്തുടങ്ങിയത്.
3 പ്രദേശത്ത് പന്നി ശല്യം രൂക്ഷമായിട്ടും ഇവയെ ഉൻമൂലനം ചെയ്യാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നാട്ടുകാരെ സംഘടിപ്പിച്ച് ജാഗ്രതാ സമിതി രൂപീകരിക്കുന്ന കാര്യം തീരുമാനിച്ചെങ്കിലും ഇതും നടപ്പായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |