ഇലന്തൂർ: ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റായി കെ.പി.മുകുന്ദനെ തിരഞ്ഞെടുത്തു. നാലാം തവണയാണ് അദ്ദേഹം പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒൻപതാം വാർഡിൽ നിന്നുള്ള പഞ്ചായത്തംഗമാണ്. ഇലന്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്. മുൻപ് 8,12,11 വാർഡുകളിൽ നിന്നാണ് മുൻപ് വിജയിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മുകുന്ദന് എട്ട് വോട്ടുകൾ ലഭിച്ചു. രണ്ടാം വാർഡിൽ നിന്ന് ജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി എസ്.അരുൺരാജിന് നാല് വോട്ടുകളാണ് ലഭിച്ചത്.ആറാം വാർഡിൽ നിന്ന് ജയിച്ച യു.ഡി.എഫ് സ്ഥാനാർഥി കെ.ജി.റെജിയുടെ വോട്ട് അസാധുവായി.വോട്ട് അസാധുവാക്കി വിപ്പ് ലംഘനം നടത്തിയെന്ന് ആരോപിച്ച് ആറാം വാർഡ് പഞ്ചായത്തംഗം കെ.ജി.റെജിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. യു.ഡി.എഫിലെ ധാരണ പ്രകാരം അടുത്ത രണ്ടുവർഷം സാം ചെമ്പകത്തിൽ പ്രസിഡന്റാകും. അവസാന ഒരുവർഷം കെ.ജി റജിക്ക് നൽകുമെന്നായിരുന്നു ധാരണ. എന്നാൽ, ഡി.സി.സിയുടെ അറിയിപ്പിൽ റെജിയുടെ പേരുണ്ടായിരുന്നില്ല. ഏക എൽ.ഡി.എഫ് അംഗം ബിന്ദു ഷൈബു വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
വൈസ് പ്രസിഡന്റായി എട്ടാം വാർഡിലെ പഞ്ചായത്തംഗം ലളിതമ്മ തോമസിനെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |