
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രമാടം ഡിവിഷനിൽ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി ദീനമ്മ റോയിയും വൈസ് പ്രസിഡന്റായി കോഴഞ്ചേരി ഡിവിഷനിലെ യു.ഡി.എഫ് പ്രതിനിധി അനീഷ് വരിക്കണ്ണാമലയും തിരഞ്ഞെടുക്കപ്പെട്ടു.
ദീനാമ്മ റോയിയുടെ പേര് ജൂലി സാബു നിർദ്ദേശിക്കുകയും സതീഷ് ബാബു പിന്താങ്ങുകയും ചെയ്തു. എൽ.ഡി.എഫിൽ കലഞ്ഞൂർ മണ്ഡലത്തിൽ നിന്നുള്ള ബീനാപ്രഭയുടെ പേര് സവിത അജയകുമാർ നിർദ്ദേശിക്കുകയും വൈഷ്ണവി ശൈലേഷ് പിന്താങ്ങുകയും ചെയ്തു. 11 വോട്ടുകൾ ദീനാമ്മറോയിക്കും അഞ്ച് വോട്ടുകൾ ബീനാ പ്രഭയ്ക്കും ലഭിച്ചു. കാലിന് പരിക്കേറ്റ് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് വിശ്രമത്തിലായ കോയിപ്രത്തു നിന്നുള്ള യു.ഡി.എഫ് അംഗം നീതു മാമ്മൻ കൊണ്ടൂർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അനീഷ് വരിക്കണ്ണാമലയുടെ പേര് സാം ഈപ്പൻ നിർദ്ദേശിച്ചു. എം.വി.അമ്പിളി പിന്താങ്ങി. എൽ.ഡി.എഫിൽ കൊടുമൺ മണ്ഡലത്തിൽ നിന്നുള്ള എ. എൻ.സലീമിന്റെ പേര് ടി.കെ.സജി നിർദേശിച്ചു. വൈഷ്ണവി ശൈലേഷ് പിന്താങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തും യു.ഡി.എഫിന് 11 വോട്ടുകളും എൽ.ഡി.എഫിന് അഞ്ച് വോട്ടുകളും ലഭിച്ചു.
പ്രസിഡന്റും വൈസ് പ്രസിഡന്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. നിയുക്ത പ്രസിഡന്റിന് ജില്ലാ കളക്ടറും വൈസ് പ്രസിഡന്റിന് പ്രസിഡന്റും സത്യവാചകം ചൊല്ലിക്കൊടുത്തു.
ആദ്യയോഗത്തിൽ പ്രതിഷേധം, വാക്കൗട്ട്
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം കോൺഫറൻസ് ഹാളിൽ നടന്ന അനുമോദനയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പ്രസംഗിച്ചതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധം. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ഔദ്യോഗിക വേദിയിൽ കയറി രാഷ്ട്രീയം സംസാരിച്ചതിനെ എൽ.ഡി.എഫ് അംഗങ്ങൾ എതിർത്തു. തുടർന്ന് പ്രതിഷേധിച്ച് വാക്കൗട്ട് നടത്തി. എൽ.ഡി.എഫ് സർക്കാരിനെയും കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയെയും ഡി.സി.സി പ്രസിഡന്റ് അധിക്ഷേപിച്ച് സംസാരിച്ചെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |