SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.41 PM IST

മകരവിളക്ക് മഹോത്സവത്തിന് ശബരിമലനട ഇന്ന് തുറക്കും 

Increase Font Size Decrease Font Size Print Page
sabarimala

ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി ശബരിമലനട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് തിരിതെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ആഴിയിൽ അഗ്നിപകരും. ഇതിനുശേഷം തീർത്ഥാടകർക്ക് ദർശനത്തിന് അനുമതി നൽകും. ഇന്ന് പ്രത്യേക പൂജകൾ ഒന്നുംതന്നെയില്ല. നാളെ മുതൽ എല്ലാദിവസവും രാവിലെ മൂന്നിന് നടതുറന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം, 3.20 മുതൽ നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷ:പൂജ, കളഭാഭീഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും. വൈകിട്ട് 3ന് നടതുറക്കും. 6.30ന് ദീപാരാധന, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ പൂർത്തിയാക്കി രാത്രി 11ന് ഹരിവരാസനംപാടി നടഅടയ്ക്കും. ജനുവരി 14നാണ് മകരവിളക്ക്. മകരസംക്രമ സന്ധ്യയിൽ പന്തളത്തുനിന്ന് പ്രത്യേക പേടകങ്ങളിൽ കൊണ്ടുവരുന്ന തിരുവാഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയും. 14 മുതൽ മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിയിലേക്ക് എഴുന്നെള്ളത്ത് ആരംഭിക്കും. 15മുതൽ 19വരെ പടിപൂജ നടക്കും. 19ന് രാത്രി ഹരിവരാസനം പാടി നടയടച്ചശേഷം മാളികപ്പുറത്ത് വലിയ ഗുരുതി നടക്കും. 19 വരെയാണ് തീർത്ഥാടകർക്ക് ദർശനാനുമതി. 20ന് പുലർച്ചെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി ശബരിമലനട അടയ്ക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാകും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY