
പത്തനംതിട്ട: പതിനെട്ട് മാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച അബാൻ മേൽപ്പാലം അഞ്ച് വർഷമായിട്ടും പൂർത്തിയായില്ല. 59 ശതമാനം നിർമ്മാണമാണ് ഇതുവരെ നടന്നത്. ആകെയുള്ള 20 സ്പാനുകളിൽ പതിന്നാലെണ്ണമാണ് പൂർത്തിയായത്. പതിനഞ്ചാമത്തെ സ്പാൻ വെള്ളിയാഴ്ച കോൺക്രീറ്റ് ചെയ്യും.
നഗരമദ്ധ്യത്തിൽ നിർമ്മാണം നടക്കുന്നതിനാൽ വ്യാപാരികളെയും യാത്രക്കാരെരേയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്. സ്വകാര്യ- കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിന് മദ്ധ്യേയുള്ള ഭാഗത്താണ് അബാൻ മേൽപ്പാലം. ഇവിടെയുള്ള റോഡുകളടക്കം നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ച് നീക്കി. രണ്ട് സ്റ്റാൻഡുകളിലേക്കുമുള്ള യാത്രക്കാർ പൊടിനിറഞ്ഞ റോഡിലൂടെ മൂക്ക് പൊത്തിയും കുഴിയിൽ വീണുമാണ് നടന്നുനീങ്ങുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റാത്തതിനാൽ ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പല സ്ഥാപനങ്ങളും പൂട്ടുകയും വ്യാപാരികൾ കടക്കെണിയിലാവുകയും ചെയ്തു.
ഇഴയിപ്പിച്ച് സ്ഥലമേറ്റെടുപ്പ്
അബാൻ മേൽപ്പാലം നിർമ്മാണം ആരംഭിക്കുമ്പോൾ 18 മാസമായിരുന്നു കാലാവധി. എന്നാൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നിർമ്മാണം തടസപ്പെട്ടപ്പോൾ കാലാവധി വീണ്ടും നീട്ടി. പുതിയ കാലാവധി എപ്രിലിൽ അവസാനിക്കും. അപ്പോൾ വീണ്ടും കരാർ പുതുക്കേണ്ടി വരും. ഏഴ് കോടി രൂപയുടെ സ്ഥലം ഏറ്റെടുപ്പ് കൂടി കഴിഞ്ഞാൽ നിർമ്മാണം തടസമില്ലാതെ മുന്നോട്ട് പോകും
ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപ്പാലം
നിർമ്മാണച്ചുമതല കേരള റോഡ് ഫണ്ട് ബോർഡിന്
കിഫ്ബി പദ്ധതി 41 കോടിയുടേത്
ഇതുവരെ നിർമ്മാണം നടന്നത് 21 കോടിയുടേത്
അപ്രോച്ച് റോഡുകൾക്ക് ഇരുവശങ്ങളിലും 90 മീറ്റർ നീളം
പാലത്തിന് താഴെ സർവീസ് റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ
ഇരുവശത്തും വീതി 5.5 മീറ്റർ
നിർമ്മാണം ആരംഭിച്ചത്-2021ൽ
നീളം: 611 മീറ്റർ
വീതി: 12 മീറ്റർ
പകലും രാത്രിയും നിർമ്മാണം നടക്കുന്നുണ്ട്. സ്ഥലമേറ്റെടുപ്പ് ഉടൻ പൂർത്തിയാകും.
പി.ഡബ്ല്യു.ഡി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |