പൂവാർ: വിവാഹ വാഗ്ദാനം നൽകി 66കാരനിൽനിന്ന് പണം തട്ടിയ കേസിൽ പേരൂർക്കട വയലിക്കട അപ്പാർട്ട്മെന്റ് (ആർ.ആർ.എ 90/എ) സിൽ അശ്വതി അച്ചു (39) വിനെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി റിട്ട.ബാങ്ക് ജീവനക്കാരൻ മുരുക (66) ന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുരുകൻ തന്റെ സുഖമില്ലാത്ത മകളെ പരിചരിക്കുന്നതിന് ഒരു സ്ത്രീയുടെ സഹായം തേടുന്നതിനിടയിലാണ് അശ്വതി അച്ചുവിനെ പരിചയപ്പെടുന്നത്. തനിക്ക് 40,000 രൂപയുടെ ബാദ്ധ്യതയുണ്ട്. അത് പരിഹരിച്ചാൽ വിവാഹം കഴിച്ച് ഒന്നിച്ചുതാമസിച്ചുകൊള്ളാമെന്നായിരുന്നു അശ്വതിയുടെ വാഗ്ദാനം. ഇതിൽ വിശ്വസിച്ച് മുരുകൻ ആദ്യം 25000 രൂപ നൽകി. പൂവാർ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ 15000 രൂപയും നൽകി. എന്നാൽ നെറ്റ് കണക്ഷൻ ഇല്ലാതിരുന്നതിനാൽ രജിസ്ട്രേഷൻ അന്ന് നടന്നില്ല. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പണം സ്വീകരിച്ച കാര്യം അശ്വതി നിഷേധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ആയൂർ തുളമുളയ്ക്കൽ ഒഴുവുപാറയ്ക്കൽ അശ്വതി ഭവനിൽ രാധാമണിയുടെ മകളാണ് അശ്വതി അച്ചു. പൂവാർ സി.ഐ എസ്.ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ തിങ്കൾ ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മിനി, സി.പി.ഒ അരുൺ, ഡ്രൈവർ ഷാജു തുടങ്ങിയവർ മുട്ടട ട്രാവൻകൂർ ഫ്ലാറ്റിൽ നിന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാൻഡു ചെയ്തു.
ഫോട്ടോ: അശ്വതി അച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |