കൊച്ചി: തിരുവനന്തപുരം കോവളത്ത് ഗൃഹനാഥനെ തലയ്‌ക്കടിച്ച് കൊന്ന ശേഷം ഭാര്യയെ പീഡിപ്പിച്ച് ആഭരണം കവർന്ന പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം പരോളില്ലാതെ 30 വർഷം കഠിന തടവ് അനുഭവിക്കണം. കോവളം കോളിയൂർ ചാനൽകര പുത്തൻവീട്ടിൽ മരിയാദാസ് കൊലക്കേസിലാണ് തമിഴ്‌നാട് കാശിനാഥപുരത്ത് താമസിച്ചിരുന്ന വെമ്പായം തൊട്ടരികത്തു വീട്ടിൽ അനിൽകുമാറിനെ (കൊലുസ് ബിനു-41) ശിക്ഷിച്ചത്. രണ്ടാം പ്രതി തമിഴ്‌നാട് ശാന്തമേട് സ്വദേശി ചന്ദ്രശേഖരന്റെ (ചന്ദ്രൻ-41) ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു.
കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി. എന്നാൽ പ്രതി മാനസാന്തരപ്പെടാനുള്ള സാദ്ധ്യത കോടതി കണക്കിലെടുത്തു. 30 വർഷത്തെ തടവുജീവിതം ഉചിതമായ ശിക്ഷയാണെന്ന് വ്യക്തമാക്കിയാണ് അനിൽകുമാറിന്റെ വധശിക്ഷ ഒഴിവാക്കിയത്.
പ്രതികളുടെ അപ്പീലും ഒന്നാംപ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹർജിയുമാണ് പരിഗണിച്ചത്. 2019 ഏപ്രിൽ 11നാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി പ്രതികളെ ശിക്ഷിച്ചത്.
തലയ്‌ക്കടിച്ചു വീഴ്‌ത്തി പീഡിപ്പിച്ചു
2016 ജൂലായ് ഏഴിന് പുലർച്ചെയാണ് മരിയാദാസിനെയും ഭാര്യയെയും വീട്ടിലെ ഹാളിൽ തലയ്‌ക്കടിയേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. തലയ്‌ക്കടിയേറ്റ് വീണ മരിയാദാസിന്റെ ഭാര്യ പീഡനത്തിനുമിരയായി. മക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മരിയാദാസ് മരിച്ചു. ആക്രമണത്തിൽ ഭാര്യയുടെ ഓർമ്മയും നഷ്ടപ്പെട്ടു. വീട്ടിൽ നിന്ന് സ്വർണാഭരണം നഷ്ടപ്പെട്ടെന്നും പൊലീസ് കണ്ടെത്തി. സമീപത്ത് മുമ്പ് വാടകയ്‌ക്ക് താമസിച്ചിരുന്ന അനിൽകുമാറിന്, കുടുംബപ്രശ്നത്തിൽ ഇടപെട്ടതിന്റെ പേരിൽ മരിയാദാസിനോട് വിരോധമുണ്ടെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അനിൽകുമാറിനെയും ചന്ദ്രനെയും അടുത്തടുത്ത ദിവസങ്ങളിലാണ് തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |