തിരുവനന്തപുരം: കരാർ ഏറ്റെടുത്ത് നാല് വർഷമായിട്ടും നഗരത്തിലെ കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റുന്ന പണി പൂർത്തിയാക്കാത്തതിനെത്തുടർന്ന് ഒരു കോൺട്രാക്റുടെയും മറ്റൊരു ഏജൻസിയുടെയും കരാർ റദ്ദാക്കാൻ വാട്ടർ അതോറിട്ടി നടപടി തുടങ്ങി. 15ന് ചേരുന്ന വാട്ടർ അതോറിട്ടി ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. വെള്ളയമ്പലം ഒബ്സർവേറ്ററിയിൽ നിന്ന് ആയുർവേദ കോളേജിലേക്കുള്ള പൈപ്പ് ലൈനുകളും പേരൂർക്കടയിൽ നിന്ന് മൺവിളയിലേക്കുള്ള പൈപ്പ് ലൈനുകളുമാണ് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. ആയുർവേദ കോളേജിലേക്കുള്ള പൈപ്പ് ലൈൻ പണി ബാബു തോമസ് എന്ന കരാറുകാരനും മൺവിളയിലേക്കുള്ള പദ്ധതി ടോംകോ എൻജിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഏറ്റെടുത്തത്. 2018ൽ കരാർ നൽകിയെങ്കിലും മൂന്നിലൊന്ന് പണി മാത്രമാണ് പൂർത്തിയായത്. പൈപ്പ് മാറ്റുന്നത് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടി പലപ്രാവശ്യം കത്ത് നൽകിയെങ്കിലും കോൺട്രാക്ടർമാർ തൃപ്തികരമായ മറുപടി നൽകിയില്ല. അനുവദിച്ച തുക പദ്ധതി പൂർത്തിയാക്കാൻ പര്യാപ്തമല്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോൺട്രാക്ടർമാർ വാട്ടർ അതോറിട്ടിയെ സമീപിച്ചിരുന്നു. നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിച്ചതും പദ്ധതിത്തുക ഉയർത്തുന്നതിന് കാരണമായി അവർ ചൂണ്ടിക്കാട്ടി. എന്നാൽ, വാട്ടർ അതോറിട്ടി കൂടുതൽ തുക നൽകാൻ തയ്യാറായില്ല. ഇതോടെയാണ് പണി ഇഴയാൻ തുടങ്ങിയത്.ജോലികളിലെ വേഗക്കുറവ് ചൂണ്ടിക്കാട്ടി വാട്ടർ അതോറിട്ടിയുടെ പ്രോജക്ട് ഇംപ്ളിമെന്റേഷൻ യൂണിറ്റ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കരാർ റദ്ദാക്കുകയാണെങ്കിൽ കരാറുകാർ ഡെപ്പോസിറ്റായി നൽകിയ റിസ്ക് ആൻഡ് കോസ്റ്റ് എമൗണ്ട് തുകയിൽ നിന്ന് പിഴയും ഈടാക്കും.
പ്രതിദിന നഷ്ടം 1.57 കോടി
കാലപ്പഴക്കം ചെന്ന പൈപ്പുകളിൽ മർദ്ദവ്യത്യാസത്തെത്തുടർന്ന് ചോർച്ചയുണ്ടാവുകയും പിന്നീട് പൈപ്പ് പൊട്ടുന്നതും നഗരത്തിൽ പതിവാണ്. കണക്കുകൾ പ്രകാരം പ്രതിദിനം ജല അതോറിട്ടി ഉത്പാദിപ്പിക്കുന്ന വെള്ളത്തിന്റെ 40 ശതമാനവും ചോർച്ചയിലൂടെ നഷ്ടമാകുന്നതായാണ് കണക്ക്. 2950-3000 ദശലക്ഷം ലിറ്റർ (എം.എൽ.ഡി) ജലമാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. ഈ കണക്ക് പ്രകാരം മൊത്തം ഉത്പാദനത്തിൽനിന്ന് 1050 മില്യൻ ലിറ്റർ ഒരു ദിവസം പാഴാകുന്നുണ്ട്. ഇതിന് 15000 രൂപയാണ് അതോറിട്ടി വിലയായി നിശ്ചയിച്ചിട്ടുള്ളത്. 1050 മില്യൺ ലിറ്റർ ഈ ഇനത്തിൽ കണക്കിൽപ്പെടാതെ പോകുന്നതോടെ 1.57 കോടി രൂപയാണ് ജലഅതോറിട്ടിയുടെ ഈ ഇനത്തിലെ പ്രതിദിന നഷ്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |