പോത്തൻകോട് : സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 45കാരിയെ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന പരാതിയിൽ പ്രതി പിടിയിൽ. കന്യാകുളങ്ങര കൊച്ചാലുംമൂട് സാഹീൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അൻസാറിനെ (30) ആണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്‌തത്. നഗരത്തിൽ വിവിധയിടങ്ങളിൽ ബ്യൂട്ടിപാർലർ നടത്തുന്ന വീട്ടമ്മയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. മൂന്ന് വർഷം മുമ്പാണ് ഇയാൾ വീട്ടമ്മയുമായി പരിചയത്തിലാകുന്നത്. തുടർന്ന് യുവതി നടത്തുന്ന സ്ഥാപനത്തിലെ നിത്യ സന്ദർശകനായി. യുവതിയുമായി സൗഹൃദം ദൃഢമാക്കിയ പ്രതി ഇവരെ നഗരത്തിലെ വിവിധ ഹോട്ടലുകളിലും ചില റിസോർട്ടുകളിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങളെടുത്ത പ്രതി, പിന്നീട് അത് ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ഭർത്താവിനെ ഇവ കാണിക്കുമെന്ന് പറഞ്ഞു പലപ്പോഴായി 12 ലക്ഷം രൂപയും 19 പവൻ ആഭരണങ്ങളും കൈക്കലാക്കുകയുമായിരുന്നു. കൂടാതെ യുവതിയെക്കൊണ്ട് വായ്‍പയെടുപ്പിച്ച് 12 ലക്ഷത്തിന്റെ പുത്തൻ കാറും സ്വന്തമാക്കി. വീണ്ടും ഭീഷണി തുടർന്നതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വാഹനവില്പനയും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുന്ന അൻസാർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വട്ടപ്പാറ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്രീലാൽ ചന്ദ്രശേഖരൻ, സുനിൽകുമാർ, എ.എസ്.ഐ. സജേഷ്‌കുമാർ,സി.പി.ഒ. മാരായ ശ്രീകാന്ത്, റീജ ഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ക്യാപ്‌ഷൻ: അറസ്റ്റിലായ പ്രതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |