പോത്തൻകോട് : പ്ലസ് ടു വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അറസ്റ്റിലായ പ്ലാക്കീഴ്, ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31), കാട്ടായിക്കോണം മേലേകാവുവിള വീട്ടിൽ വിനയൻ (28) എന്നിവരെയാണ് തെളിവെടുപ്പിന് കാെണ്ടുവന്നത്.
മുടി വെട്ടിയിരുന്ന രീതിയെ കളിയാക്കിയപ്പോൾ പെൺകുട്ടി പ്രതികരിക്കുകയും പ്രതികളിലൊരാളെ ചവിട്ടുകയും ചെയ്തതിനെ തുടർന്നായിരുന്നു ആക്രമിച്ചതെന്ന് തെളിവെടുപ്പിനിടെ ഇവർ പൊലീസിനോട് പറഞ്ഞു. ആൺകുട്ടിയെന്ന് വിചാരിച്ചാണ് കളിയാക്കിയതും മർദ്ദിച്ചതും.എന്നാൽ തിരികെ വീട്ടിലെത്തിയപ്പോൾ സുഹൃത്തുക്കളിൽ ചിലരാണ് തങ്ങളെ വിളിച്ച് ആക്രമിച്ചത് പെൺകുട്ടിയെയാണ് പറയുന്നതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി
.വ്യാഴാഴ്ച വൈകിട്ട് നാലോടെ ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് വരികെയായിരുന്ന ചേങ്കോട്ടുകോണം എസ്. എൻ പബ്ലിക് സ്‌കൂളില പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് നാലംഗസംഘം ആക്രമിച്ചത്. അക്രമത്തിൽ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. അക്രമം തടയാനെത്തിയ സഹപാഠിയെയും സംഘം മർദ്ദിച്ചിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകളും ചുമത്തി. അറസ്റ്റിലായവർ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്. കേസിൽ രണ്ടുപേർ കൂടിയുണ്ടെന്നും അവർ ഉടൻ പിടിയിലാകുമെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |