തിരുവനന്തപുരം: ചെമ്പതാക പുതച്ച് ചുവന്നുതുടുത്ത വീഥിക്കിരുവശത്തും കാത്തുനിന്ന നൂറുകണക്കിന് പ്രവർത്തകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്നലെ മലയോര മണ്ണിൽ ഇടിമുഴക്കമായി. ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനത്തിൽ റെഡ് വോളന്റിയർമാരും വാദ്യമേളങ്ങളും കലാരൂപങ്ങളും അകമ്പടി തീർത്തു.
രാവിലെ ആറ്റിങ്ങൽ മാമം ജംഗ്‌ഷനിൽ നടന്ന ആദ്യ സ്വീകരണ പൊതുയോഗം മുതൽ രാത്രിയിൽ പേയാട് നടന്ന സ്വീകരണ സമ്മേളനത്തിൽവരെ അണമുറിയാത്ത ജനസാന്നിദ്ധ്യമായിരുന്നു. ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ ഏരിയാ കമ്മിറ്റികൾ സംഘടിപ്പിച്ച സ്വീകരണ പരിപാടികൾ ജില്ലയിലെ പാർട്ടിയുടെ സംഘശക്തി വിളിച്ചോതുന്നതായി.
ആറ്റിങ്ങലിൽ അണമുറിയാത്ത ആവേശം
ഇന്നലെത്തെ ആദ്യ സ്വീകരണ യോഗം നടന്ന ആറ്റിങ്ങലിൽ രാവിലെ മുതൽ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. റെഡ് വോളന്റിയർമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ സ്വീകരണ കേന്ദ്രത്തിലേക്കെത്തിയ ജാഥാ ക്യാപ്റ്റനെ ജില്ലാ സെക്രട്ടറി വി.ജോയി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ഒ.എസ്.അംബിക എം.എൽ.എ, ബി.സത്യൻ തുടങ്ങിയവർ ചേർന്നാണ് വരവേറ്റത്.
വെഞ്ഞാറമൂട്ടിൽ വേനൽച്ചൂടിലും
വാടാതെ ആയിരങ്ങൾ
വേനൽച്ചൂടിനെയും അവഗണിച്ച് ജനകീയ പ്രതിരോധ ജാഥയ്ക്ക് വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട്ടിൽ ആയിരങ്ങൾ സ്വീകരണം നൽകി. മുദാക്കൽ പാലത്തിന് സമീപം ഡി.കെ. മുരളി എം.എൽ.എ, ഏരിയാ സെക്രട്ടറി ഇ.എ.സലിം എന്നിവർ ചേർന്ന് ജാഥയെ സ്വീകരിച്ചു. വനിതകളുടെയും ബാന്റ് മേളം, ചെണ്ടേമേളം, തെയ്യം എന്നിവയുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരണ വേദിയിലേക്ക് ജാഥയെ ആനയിച്ചു.
നെടുമങ്ങാടിനെ
ആവേശം കൊള്ളിച്ച്
ജനകീയ പ്രതിരോധ ജാഥയ്‌ക്ക് നെടുമങ്ങാടിൽ നൽകിയത് ആവേശോജ്ജ്വല സ്വീകരണം. തുറന്ന വാഹനത്തിലെത്തിയ ജാഥാ ക്യാപ്ടനെയും അംഗങ്ങളെയും ബാൻഡ് മേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ കല്ലിംഗൽ ജംഗ്‌ഷനിലെ വേദിയിലേക്ക് ഏരിയാ സെക്രട്ടറി ആർ.ജയദേവന്റെ നേതൃത്വത്തിൽ ആനയിച്ചു.
ഉത്സവാന്തരീക്ഷത്തിൽ ആര്യനാട്
അരുവിക്കര മണ്ഡലത്തിലെ ആര്യനാട്ടെത്തിയ ജാഥയെ ഉത്സവാന്തരീക്ഷത്തിലാണ് വരവേറ്റത്. റെഡ് വോളന്റിയർമാരും വാദ്യമേളങ്ങളും പുലിക്കളിയും സംഗീത സദസും വ്യത്യസ്‌ത കലാരൂപങ്ങളും കർഷക മണ്ണിൽ ഉത്സവ ആവേശമൊരുക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സുനിൽകുമാർ, ഏരിയാ സെക്രട്ടറി അഡ്വ.എൻ. ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ വരവേറ്റു.
ആഘോഷമാക്കി പേയാട്
ജില്ലയിലെ ഇന്നലത്തെ അവസാന സ്വീകരണ യോഗമായ കാട്ടാക്കട മണ്ഡലത്തിലെ പേയാട് ജംഗ്‌ഷനിൽ ജാഥയ്‌ക്ക് ഗംഭീര സ്വീകരണം.
റെഡ് വോളന്റിയർമാരുടെ അകമ്പടിയിൽ നേതാക്കൾ വേദിയിലെത്തിയപ്പോൾ പ്രവർത്തർ മുദ്രാവാക്യം വിളികളോടെ വരവേറ്റു.
യു.ഡി.എഫിനും കോൺഗ്രസിനും
സമനില തെറ്റി: എം.വി. ഗോവിന്ദൻ
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും സമനില തെറ്റിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്‌ക്ക് ആറ്റിങ്ങൽ മാമത്ത് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാഥയിലെ ജനപങ്കാളിത്തവും പിണറായി സർക്കാരിന്റെ മികച്ച പ്രവർത്തനവും കോൺഗ്രസിനെയും യു.ഡി.എഫിനെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്. നിയമസഭ തടസപ്പെടുത്തുകയും സ്‌പീക്കറെ ഉപരോധിക്കുകയും ചെയ്യുന്ന പ്രതിപക്ഷം പൊലീസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുകയാണ്. കോൺഗ്രസിലും യു.ഡി.എഫിലും നേതൃത്വത്തിനെതിരെ ശക്തമായ വികാരം ഉയർന്നിരിക്കെ, സർക്കാരിനെതിരെ ശക്തമായി നീങ്ങുകയാണെന്ന പ്രതീതി സൃഷ്‌ടിക്കാനാണ് കലാപാഹ്വാനം.
സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും രാഷ്ട്രീയമായി നേരിടാൻ കഴിയുന്നില്ലെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്. അപഹാസ്യമായ നീക്കത്തെ ജനങ്ങൾ തിരിച്ചറിയുകയും അവജ്ഞതയോടെ തള്ളിക്കളയുകയും ചെയ്യും. സമനിലവിട്ട രീതിയിലാണ് കെ.പി.സി.സി പ്രസിഡന്റ് പെരുമാറുന്നത്. പിണറായി വിജയനെതിരെ സുധാകരൻ നടത്തിയ വ്യക്തി അധിക്ഷേപങ്ങൾ യു.ഡി.എഫ് നേതാക്കൾ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |