വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ അപകടങ്ങൾ പെരുകുന്നതിൽ വ്യാപക പ്രതിഷേധം.നാട്ടുകാർ ഇന്നലെ പ്രതിഷേധ യോഗം കൂടി. അശാസ്ത്രീയ നിർമ്മാണവും, അധികൃതരുടെ അലംഭാവവും കാരണം നിരവധി മരണങ്ങളാണ് ഇവിടെ നടന്നതെന്ന് സമരക്കാർ ആരോപിച്ചു. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കവേ ബൈക്ക് ഇടിച്ച് നാലുവയസുകാരൻ മരിച്ചിരുന്നു.
പണി പൂർത്തിയാകാതെയും സിഗ്നലുകളോ വഴിവിളക്കുകളോ ഇല്ലാതെയും റോഡ് തുറക്കുന്നതിനെതിരെയും നാട്ടുകാർ നടത്തിയ സമരത്തെ അവഗണിച്ചു കൊണ്ടാണ് കോവളം മുതൽ മുക്കോല വരെയുള്ള റോഡ് അധികൃതർ തുറന്ന് നൽകിയത്. ഇതിനുശേഷം നിരവധി അപകടങ്ങളും മരണവും ഇവിടെ സംഭവിച്ചു.ബൈപ്പാസിന്റെ പുന്നക്കുളം മുതലുള്ള റോഡുപണിയും തടസപ്പെട്ടിരിക്കുകയാണ്.നിർമ്മാണത്തിലെ അപാകത കാരണം ഇവിടെ പലതവണ റോഡ് തകർന്നു.ഈ ഭാഗം പുനർ നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.പണി പൂർത്തിയാക്കാതെ ഇലക്ഷൻ മുന്നിൽക്കണ്ട് റോഡിന്റെ ഉദ്‌ഘാടനം നടത്താനാണ് നീക്കമെന്ന് നാട്ടുകാർ ആക്ഷേപിച്ചു.തുറന്നുകൊടുക്കുന്ന ബൈപ്പാസ് റോഡിൽ വഴിവിളക്കുകളും സ്ഥാപിച്ചിട്ടില്ല.അമിത വേഗതയിൽ വാഹനങ്ങൾ ചീറിപ്പായുന്നതുകാരണം അപകടസാദ്ധ്യത കൂടുതലാണ്. കോവളം വാഴമുട്ടത്ത് സിഗ്നൽ ലൈറ്റ് കത്താത്തത് കാരണം നിരവധി അപകടങ്ങൾ നടക്കുകയാണ്. ഇവിടെ റൈസിംഗ് ബൈക്കിടിച്ച് വീട്ടമ്മ മരിച്ചത് ഈ അടുത്ത കാലത്താണ്.
ആദ്യഘട്ടത്തിന് ചെലവ് 669 കോടി രൂപ
രണ്ടാം ഘട്ടത്തിന് 495 കോടി
ബൈപ്പാസിന്റെ ആകെ ദൂരം - 43 കി.മീ
കോൺക്രീറ്റ് പാത വരുന്നത് -16.2 കി.മീ ദൂരത്തിൽ
ആവശ്യങ്ങൾ
കോവളം ജംഗ്ഷനിൽ ഫ്ലൈ ഓവർ നിർമ്മിക്കണം
സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിട്ടി അനുവാദം നൽകണം
പോറോഡ് ഭാഗത്ത് പാലത്തിന് സമീപം സർവീസ് റോഡുകൾ ബന്ധിപ്പിച്ചിട്ടില്ല
അപകടം വർദ്ധിക്കുന്ന തിരുവല്ലത്ത് പുതിയ പാലം നിർമ്മിക്കണം
വാഗ്ദാനങ്ങൾ മാത്രം
43 കിലോമീറ്ററാണ് റോഡിന്റെ നീളം.ഇതിൽ ഓരോ 45 മീറ്ററിനുമിടയ്ക്ക് ടോയ്‌ലെറ്റ്, കഫറ്റീരിയ, 24 മണിക്കൂറും റോഡിൽ രണ്ട് ആംബുലൻസുകൾ, യാത്രയ്‌ക്കിടയിൽ ആർക്കെങ്കിലും അപകടം പറ്റിയാൽ ആംബുലൻസിന്റെ സേവനം ഉപയോഗപ്പെടുത്താൻ ഒരു ടോൾ ഫ്രീ നമ്പർ, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ രണ്ട് ക്രെയിനുകൾ, യാത്രയ്ക്കിടയിൽ വിശ്രമം ആവശ്യമാകുന്നവർക്ക് സൗകര്യത്തിനായി പാർക്കിംഗ് ഏരിയകൾ കേന്ദ്രീകരിച്ച് സ്‌നാക്‌സ് ബാറുകൾ എന്നിവയെല്ലാം ഉണ്ടാകുമെന്ന് അധികൃതർ ആദ്യം പറഞ്ഞിരുന്നു. ഇവയുടെ ചെലവ് മുഴുവൻ ഹൈവേ അതോറിട്ടി വഹിക്കുമെന്നും ടോൾ വരുമാനം ഉപയോഗിച്ചാകും പ്രവർത്തനമെന്നുമായിരുന്നു വാദം. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുംമുമ്പുതന്നെ ടോൾ ബൂത്ത് സ്ഥാപിച്ചത് പ്രതിഷേധങ്ങൾക്ക് കാരണമായി.രണ്ട് ആംബുലൻസ് പറഞ്ഞതിൽ കഴിഞ്ഞ മാസം ഒരെണ്ണം സജ്ജമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |