
ഭീമനടി( കാസർകോട് ): കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനിൽ നിന്ന് കറന്റ് മീൻ പിടിച്ചുകൊണ്ടിരുന്ന യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുനയംകുന്ന് തൊട്ടോചാലിൽ ആണ് സംഭവം. കമ്മാടത്തിനും കുന്നുംകൈക്കും ഇടയിലുളള കോടംകല്ല് അനന്തംപള്ളം വീട്ടിൽ ജെയിംസിന്റെ മകൻ മാത്യു (43) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി മീൻ പിടിക്കാൻ പോയിരുന്ന മാത്യുവിന്റെ മൃതദേഹം ഷോക്കേറ്റ് മരിച്ച നിലയിൽ തിങ്കളാഴ്ച രാവിലെയാണ് ബന്ധുക്കളും നാട്ടുകാരും കാണുന്നത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ ഫിലിപ്പ് അന്വേഷിച്ചു ചെന്നപ്പോൾ പുഴയോരത്ത് പാറക്കല്ലിന് സമീപം ഷോക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയത്.
നാട്ടുകാർ മൃതദേഹം കാണുമ്പോഴും കറന്റ് കടത്തിവിട്ടിരുന്ന ഇൻവെർട്ടർ പ്രവർത്തിച്ചു കൊണ്ടിരുന്നതായി പറയുന്നു. യുവാവിന്റെ കൂടെ മറ്റു ചിലരും മീൻ പിടിക്കാൻ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.. മാത്യുവിന്റെ വീടിന് ഒന്നര കിലോമീറ്റർ ദൂരത്തുള്ള കാര്യങ്കോട് പുഴയുടെ കൈവഴിയിൽ മുനയംകുന്ന് ഭാഗത്തെ പമ്പ് ഹൌസിന് സമീപം വച്ചാണ് മീൻ പിടിച്ചത്. ഇത് വഴി കടന്നുപോകുന്ന എൽ.ടി ലൈനിൽ നിന്ന് കമ്പി ഉപയോഗിച്ച് കുളത്തിയെടുത്താണ് ഇൻവെർട്ടർ മുഖേന വെള്ളത്തിലേക്ക് വൈദ്യുതി കടത്തിവിടുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |