തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിയുടെ ആറാട്ടോടെ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 10 ദിവസം നീണ്ട പൈങ്കുനി ഉത്സവത്തിന് സമാപനമായി. ആചാരപ്പൊലിമയോടെ ഇന്നലെ വൈകിട്ട് ശംഖുംമുഖം കടലിലായിരുന്ന ആറാട്ട്. ഇന്ന് രാവിലെ 9.30ന് ആറാട്ട് കലശം നടക്കും. ഇന്നലെ വൈകിട്ട് 4.30ന് ആറാട്ട് ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്രയുടെ വരവറിയിച്ച് പുറത്ത് പെരുമ്പറ കെട്ടിയ ആന മുമ്പിൽ നടന്നു. പിന്നാലെ പള്ളിവാളേന്തി രാജകുടുംബ സ്ഥാനി മൂലം തിരുനാൾ രാമവർമ്മയും രാജപ്രതിനിധികളും പടിഞ്ഞാറെനട കടന്നു. കനകനിർമ്മിതമായ ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭനെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും പുറത്തെഴുന്നള്ളിച്ചപ്പോൾ ഭക്തരുടെ നാരായണസ്തുതികൾ കൊണ്ട് പടിഞ്ഞാറെ നട മുഖരിതമായി. സായുധപൊലീസ് ഷോഘയാത്രയ്ക്ക് ആചാരബഹുമതി നൽകി. പിന്നിൽ ഭജനസംഘവും ദേവന്റെ തിടമ്പേന്തിയ മറ്റ് ആനകളും അകമ്പടി സേവിച്ചു.
നേരത്തെ പോറ്റിമാർക്ക് വാളും കോടിയും നൽകി. വേൽക്കാർ,കുന്തക്കാർ,വാളേന്തിയവർ,പട്ടമേന്തിയ ബാലകർ, പൊലീസിന്റെ ബാൻഡ് സംഘം എന്നിവർ ഘോഷയാത്രയ്ക്ക് മുമ്പിൽ അണിനിരന്നു. 24 പോറ്റിമാരാണ് മൂന്ന് വാഹനങ്ങൾ ചുമന്നത്.ഘോഷയാത്ര പടിഞ്ഞാറെ കോട്ടയിലെത്തിയപ്പോൾ ആചാരവെടി മുഴങ്ങി. റോഡിനിരുവശത്തും നിറപറയും നിലവിളക്കും പൂക്കളുമായി ഭക്തർ ശ്രീപദ്മനാഭന് തൃക്കൺചാർത്ത് സമർപ്പിച്ചു. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന് അകത്തുകൂടിയാണ് ഘോഷയാത്ര ശംഖുംമുഖത്തെത്തിയത്. ശംഖുംമുഖത്തെ ആറാട്ട് മണ്ഡപത്തിൽ വിഗ്രഹങ്ങളെ ഇറക്കിവച്ച ശേഷം തീരത്ത് പ്രത്യേകം തയ്യാറാക്കിയ മണൽത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് വിഗ്രഹങ്ങൾ മാറ്റി. ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെയും പെരിയനമ്പി മാക്കരംകോട് വിഷ്ണുപ്രകാശിന്റെയും നേതൃത്വത്തിൽ പൂജകൾക്ക് ശേഷം വിഗ്രഹങ്ങളെ മൂന്നുതവണ സമുദ്രത്തിൽ ആറാടിച്ചു. കൂടിയാറാട്ടിനായി ശ്രീവരാഹം ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം,പെരുന്താന്നി ഇരവിപേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,തൃപ്പാദപുരം മഹാദേവക്ഷേത്രം,ത്രിവിക്രമംഗലം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് വിഗ്രഹങ്ങളും പടിഞ്ഞാറെനടയിൽ എത്തിച്ചിരുന്നു.അഭിഷേകങ്ങൾക്കു ശേഷം രാജകുടുംബസ്ഥാനിക്കും ഭക്തർക്കും പ്രസാദം വിതരണം ചെയ്തു. ആറാട്ട് കഴിഞ്ഞ് രാത്രി പത്തോടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. തുടർന്ന് തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീബലിയും കൊടിയിറക്കും നടന്നു. രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതിബായി,അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി, ഭരണസമിതിയംഗങ്ങളായ ആദിത്യവർമ്മ,പ്രൊഫ.പി.കെ.മാധവൻനായർ, എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ് .ബി, മാനേജർ ബി.ശ്രീകുമാർ എന്നിവർ ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |