തിരുവനന്തപുരം: കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ 1.07 ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. നേരത്തെ ഏറ്റെടുത്ത 63 ഹെക്ടറിന് പുറമെയാണിത്. പാത ഇരട്ടിപ്പിക്കുമ്പോഴുള്ള സൗകര്യം കൂട്ടുന്നതിനായി ഒരു ഫുട് ഒാവർബ്രിഡ്ജും ഒരു അടിപ്പാതയും നാല് ഓവർബ്രിഡ്ജുകളും നിർമ്മിക്കുന്നതിനാണിത്. റെയിൽവേയുടെ റിപ്പോർട്ട് സംസ്ഥാനസർക്കാരിന് കൈമാറും.
നഷ്ടപരിഹാരം,പുനരധിവാസം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചശേഷം സർക്കാർ അനുമതി നൽകി സ്‌പെഷ്യൽ തഹസിൽദാരെ നിയമിക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കും. ജ്യോതിപുരം-വലിയശാല റോഡിലാണ് ഫുട് ഒാവർബ്രിഡ്ജ് നിർമ്മിക്കുന്നത്. മേട്ടുകട-വലിയശാല റോഡ്,വലിയശാല-കണ്ണേറ്റുമുക്ക് റോഡ്,കുഞ്ഞാലുംമൂട്,നേമം സ്റ്റുഡിയോ റോഡ് എന്നിവിടങ്ങളിലാണ് ഓവർബ്രിഡ്ജുകൾ നിർമ്മിക്കുക. നേമം റെയിൽവേ സ്റ്റേഷന് സമീപമുള്ള അടിപ്പാതയ്‌ക്കായി തൈക്കാട്,തിരുമല,നേമം,പള്ളിച്ചൽ വില്ലേജുകളിലായി 98 കുടുംബങ്ങളുൾപ്പെടെ 111പേരുടെ സ്ഥലമാണ് ഏറ്റെടുക്കുക. ഇതിൽ മൂന്ന് കുടുംബങ്ങളെ പൂർണമായി ഒഴിപ്പിക്കേണ്ടിവരും.
2021ലാണ് 86.5 കിലോമീറ്റർ നീളമുള്ള തിരുവനന്തപുരം-കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലിക്ക് അനുമതിയായത്. കന്യാകുമാരിയിൽ നിന്ന് പാറശാല വരെയുള്ള 46 കിലോമീറ്റർ നീളത്തിലുള്ള പാതയിരട്ടിപ്പ് ജോലികൾ 80 ശതമാനത്തോളം പൂർത്തിയായി. തിരുവനന്തപുരം മുതൽ പാറശാല വരെയുള്ള 40 കിലോമീറ്ററാണ് ഇനി പൂർത്തിയാകാനുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് നിർമ്മാണം വൈകിപ്പിക്കുന്നത്. 1431 കോടി രൂപയാണ് ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |