കോട്ടയം: അനധികൃതമായി മദ്യ വില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് പുതുപ്പറമ്പിൽ വീട്ടിൽ സജിത്ത് (41), പുതുപ്പള്ളി കൈതേപാലം മുത്തേടത്ത് വീട്ടിൽ അജിത്കുമാർ (41) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സ്കൂട്ടറിൽ അനധികൃതമായി വിദേശ മദ്യ വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും വിദേശ മദ്യവുമായി മണർകാട് കുമരംകോട് ഭാഗത്ത് നിന്നും പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിന്നും 16 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 8 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.
സീറ്റിന്റെ അടിയിലും, സ്കൂട്ടറിന്റെ പ്ലാറ്റ്ഫോമിൽ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച നിലയിലുമാണ് കുപ്പികൾ കണ്ടെത്തിയത്. ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെ മറവിലായിരുന്നു വിദേശമദ്യ വില്പന. ആവശ്യക്കാർക്ക് മദ്യം വാഹനത്തിലെത്തിച്ച് കൂടുതൽ വിലയ്ക്ക് വില്പന നടത്തി വരികയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യു.ശ്രീജിത്ത്, എസ്.ഐ എം.എച്ച് അനുരാജ്, സദക്കത്തുള്ള, സി.പി.ഒമാരായ പ്രതീഷ് രാജ്, യേശുദാസ്, വിപിൻ, അജിത്ത്, അജേഷ്, സെവിൻ, ബിനീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |