ബാലരാമപുരം: ആറാലുംമൂട് ചിത്തിര പഴിഞ്ഞി ക്ഷീരസംഘത്തിൽ പാൽ നൽകി മടങ്ങിയ വൃദ്ധക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ആൺ വേഷത്തിൽ മുഖംമൂടി ധരിച്ചെത്തി വൃദ്ധയെ ആക്രമിച്ച മരുമകളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. തലയൽ പുന്നക്കാട് കണ്ടത്തിൽ വയൽനികത്തിയ വീട്ടിൽ സുകന്യ (27)യാണ് അറസ്റ്റിലായത്. തലയൽ പുന്നക്കാട് കണ്ടത്തിൽ വയൽനികത്തിയ വീട്ടിൽ വാസന്തി(60)യാണ് കാലിന് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. വാസന്തിയുടെ മകൻ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ. ഇരുവരും ഒരു കോമ്പൗണ്ടിലാണ് താമസം. സംഭവദിവസം ഭർത്താവിന്റെ ടീഷർട്ടും ജീൻസും ധരിച്ച് കറുത്തഷാളിട്ട് മുഖംമൂടിയ സുകന്യ ക്ഷീരസംഘത്തിലേക്ക് പോയ വാസന്തിയുടെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. കൃത്യം നിർവഹിച്ച ശേഷം കമ്പിപ്പാരയ്ക്കു സമീപംകോമ്പൗണ്ടിൽ ആരും കാണാതെ ഒളിപ്പിച്ചു.
പൊലീസിന്റെ ശ്രദ്ധ തിരിക്കാനും സംഭവത്തിന് പിന്നിൽ താനല്ലെന്ന് വരുത്തിത്തീർക്കാനും വാസന്തിക്ക് മെഡിക്കൽ കോളേജിൽ കൂട്ടിരുപ്പുകാരിയായി നിന്നതും സുകന്യയായിരുന്നു. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും അന്വേഷണം സുകന്യയിലേക്ക് എത്തിയിരുന്നില്ല. ഇതിനിടെയാണ് വീട്ടിൽ വഴക്ക് നടക്കാറുണ്ടെന്നും വാസന്തിയും സുകന്യയും തമ്മിൽ വാക്കേറ്റമുണ്ടാകാറുണ്ടെന്നും മകനിൽ നിന്നും മൊഴി ലഭിച്ചത്. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങളും പരിസരവാസികളിൽ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും അക്രമിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചില്ല. തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി മക്കളെയും മരുമക്കളെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്തത്. ആസൂത്രിതമായ സംഭവത്തിൽ പൊലീസിന്റെ വിദഗ്ദ്ധമായ ചോദ്യം ചെയ്യലിലാണ് സുകന്യ കുറ്റസമ്മതം നടത്തിയത്.
പരിക്കേറ്റ് സംഭവസ്ഥലത്ത് വാസന്തി കിടന്നപ്പോൾ നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയെങ്കിലും സുകന്യ വൈകിയെത്തിയ സാഹചര്യവും പൊലീസിന് സംശയം ജനിപ്പിച്ചു. സുകന്യയുടെ ഭർത്താവ് രതീഷ് കുമാർ തന്നെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുമെന്നും വാസന്തിയുടെ വാക്ക് കേട്ടാണ് തനിക്ക് അടിക്കടി മർദ്ദനം നേരിട്ടതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇവർ ഇനി പാൽക്കച്ചവടം നടത്തരുതെന്ന ഉദ്ദേശ്യത്തിലാണ് കാലിന് ഗുരുതര പരിക്കേൽപ്പിച്ചതെന്നും കുറ്റസമ്മതം നടത്തി. കൃത്യത്തിനുപയോഗിച്ച കമ്പിപ്പാരയും പൊലീസ് കണ്ടെടുത്തു. നെയ്യാറ്റിൻകര എ.എസ്.പി ഫറാഷ്, ബാലരാമപുരം സി.ഐ വിജയകുമാർ, എസ്.ഐ അജിത്കുമാർ, രാധാകൃഷ്ണൻ, പൊലീസ് ഉദ്യോഗസ്ഥരായ പദ്മകുമാർ, വിനീഷ് ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിച്ച് പൊലീസ് നൂറിലേറെപ്പേരെ ചോദ്യം ചെയ്തിരുന്നു, സംശയം തോന്നിയവരുടെ മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |