വെഞ്ഞാറമൂട്: പുതിയ അദ്ധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പുത്തനുടുപ്പും ഫാൻസി ബാഗുകളും കളർഫുൾ കുടകളുമായി സ്‌കൂൾ വിപണി സജീവമായി.പരാതിക്ക് ഇടം നൽകാതെ യൂണിഫോമും പുസ്തകങ്ങളും സ്കൂളിൽ നിന്ന് വിതരണവും തുടങ്ങി. പതിവ് പോലെ കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറ,ബെൻ ടെൻ, യുണികോൺ,സ്‌പൈഡർമാൻ, ഡോറിമോൻ, മിക്കി മൗസ്, പിക്കാച്ചു, ഹലോ കിറ്റി ഇങ്ങനെ നീളുന്നു ബാഗുകളുടെ നിര.പ്ലേസ്‌കൂൾ വിദ്യാർത്ഥികൾക്ക് മൃദുവായതും കാർട്ടൂൺ കഥാപാത്രങ്ങളുടെ മാതൃകയിലുള്ളതും കളർഫുള്ളും ത്രീഡി ചിത്രങ്ങളും അടങ്ങിയ ബാഗുകളുമുണ്ട്. ലഞ്ച് ബോക്‌സ് കൊണ്ടുപോകുന്നതിനായി ഡിസൈനർ പേപ്പർ ബാഗുകളുമുണ്ട്. സാധനങ്ങൾക്കെല്ലാം വില കൂടിയിണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല.
ഇക്കുറി മേയ് ആദ്യവാരത്തിൽ തന്നെ സ്കൂൾ വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.നോട്ട് ബുക്ക്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, ചെരുപ്പുകൾ തുടങ്ങിയവയെല്ലാം വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്.ബാഗുകൾക്ക് 400 മുതലും കുടകൾക്ക് 250 മുതലുമാണ് വില. ബ്രാന്റുകൾ മാറുന്നതിനനുസരിച്ച് വില ആയിരത്തിന് മുകളിലേക്കും കുടകൾക്ക് അഞ്ഞൂറിന് മുകളിലേക്കും വരും. കാർട്ടൂൺ കഥാപാത്രങ്ങളുടെയും കാറിന്റെയും ബസിന്റെയും രൂപത്തിലുള്ള പെൻസിൽ ബോക്സുകളാണ് ഇത്തവണ ശ്രദ്ധേയം. വിവിധ നിറത്തിലും പല ആകൃതിയിലുമുള്ള ബോക്സുകൾ വാങ്ങാൻ തിരക്കാണ്. 100രൂപ മുതലാണ് ഇവയുടെ വില. വിവിധ നിറത്തിലുള്ളതും ചിത്രങ്ങൾ വരച്ചതുമായ കുടകൾക്കും പ്രിയം ഏറെയാണ്. ചെറിയ കാലൻ കുടയ്ക്കും ഇഷ്ടക്കാരുണ്ട്. മുംബയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് സാധനങ്ങൾ കൂടുതലായും കടകളിലെത്തുന്നത്.
സഹകരണ സംഘങ്ങളുടെ നേത്യത്വത്തിൽ സ്റ്റുഡന്റ്സ് മാർക്കറ്റുകളും ആരംഭിച്ചിട്ടുണ്ട്. ബാഗ് ഹൗസ്, കുടകൾ അമ്പ്രല്ലാ കോർണർ, സ്‌പോർട്സ് കോർണർ, ഷൂ മാർട്ടും, ത്രിവേണി നോട്ടുബുക്കുകൾ ലഭിക്കുന്ന നോട്ട്ബുക്ക് ഗ്യാലറി, പഠനോപകരണ വിഭാഗം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
മഴ മഴ കുട കുട...
കുട വിപണിയിലാണ് പുത്തൻ ട്രെൻഡുകൾ ഏറെയും. കണ്ണും ചെവിയുമുള്ള കുടകളും വെള്ളം ചീറ്റുന്നവയും മിക്കി മൗസിന്റെയും മൃഗങ്ങളുടെയും മറ്റും ചിത്രങ്ങൾ പതിച്ചവയുമുണ്ട്. 400 രൂപ മുതലാണ് വില. കുടയ്‌ക്കൊപ്പം റെയിൻകോട്ടും തകൃതിയായി വിൽക്കുന്നു. ഈട് നിൽക്കുന്ന തരം ശീലകളുള്ള കുടകൾക്കാണ് ഡിമാൻഡ്.
ഷൂസും യൂണിഫോമും കൊച്ചുകുട്ടികൾക്കുള്ള ചെരുപ്പും ഷൂസുകളും 250 രൂപ മുതൽ ലഭിക്കും. മൊബൈൽ ഗെയിമുകളുടെ ചിത്രമുള്ള പെൻസിൽ ബോക്‌സിന് 60 മുതൽ 150 രൂപ വരെ നൽകണം. നോട്ട്ബുക്കുകൾക്ക് 50 രൂപ വരെയാകും.
പ്ലാസ്റ്റിക്കിനോട് നോ പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് ഇക്കുറി പ്രിയം കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. പകരം സ്റ്റീൽബോട്ടിലുകളാണ് ഏറെപ്പേരും വാങ്ങുന്നത്. പ്ലാസ്റ്റിക് ലഞ്ച് ബോക്‌സുകൾക്ക് പകരം സ്റ്റീലിന്റെ ലഞ്ച് ബോക്‌സുകൾ ഇത്തവണ കൂടുതലായി എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |