കോതമംഗലം: രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊന്ന ഉത്തർപ്രദേശ് സ്വദേശിയായ ആറു വയസുകാരി മുസ്‌കാന് വിടയേകി നെല്ലിക്കുഴി ഗ്രാമം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ പിതാവ് അജാസ് ഖാൻ ഏറ്റുവാങ്ങി. തുടർന്ന് മറമാടനായി പള്ളി കബർസ്ഥാനിൽ കബറടക്കി. നിരവധി നാട്ടുകാർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ണ്ടാനമ്മ അനീഷയുമായി പൊലീസ് ഇന്നലെ ഇവർ താമസിച്ചിരുന്ന വീട്ടിൽ തെളിവെടുപ്പ് നടത്തി. ഇവരുടെ രണ്ടു വയസുകാരിയായ മകൾ എൽമയെ കാക്കനാട് ശിശുക്ഷേമസമിതിക്ക് കൈമാറി.
കൊലപാതകത്തിൽ മന്ത്രവാദത്തിന്റെ സാദ്ധ്യതയും പൊലീസ് പരിശോധിക്കും. മുമ്പ് അനീഷയെ മന്ത്രവാദ ചികിത്സ നടത്തിയ നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. കൊലപാതകവുമായി ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. അനീഷ മാത്രമാണ് നിലവിൽ പ്രതിസ്ഥാനത്തുള്ളത്.
കോതമംഗലം നെല്ലിക്കുഴി പുതുപ്പാലത്ത് വ്യാഴാഴ്ച രാവിലെയാണ് മുസ്കാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറഞ്ഞത്. സംശയം തോന്നിയ കോതമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കളമശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി തെളിഞ്ഞത്. പിന്നാലെ പൊലീസും ഫോറൻസിക് സംഘവും വിശദമായി പരിശോധന നടത്തുകയും അജാസ് ഖാനെയും അനീഷയെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അജാസ് ഖാനെ പിന്നീട് വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |