ആറ്റിങ്ങൽ: കൊല്ലമ്പുഴയിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹോട്ടലിന്റെ പ്രവർത്തനം ഉദ്ഘാടനത്തിൽ ഒതുങ്ങി. വനിതകൾക്ക് വരുമാന മാർഗമാകുന്ന പദ്ധതിയായി രൂപകൽപ്പന ചെയ്തതാണിത്. ഇപ്പോൾ കാടുകയറി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. ഹോട്ടലിനായി കെട്ടിടം തയ്യാറാക്കിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും കുടുംബശ്രീയുടെ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചില്ല. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. നഗരപ്രദേശത്ത് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം ലഭിക്കുന്ന ഒരു സ്ഥാപനം. പ്രാതൽ മുതൽ അത്താഴം വരെ വിളമ്പുന്ന ഇടം. വനിതകൾക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനുള്ള ഒരു പദ്ധതി. ഇതെല്ലാം ലക്ഷ്യമിട്ടാണ് കൊല്ലമ്പുഴയിൽ കുട്ടികളുടെ പാർക്കിനോടനുബന്ധിച്ച സ്ഥലത്തെ കെട്ടിടം കുടുംബശ്രീ ഹോട്ടലിനായി തയ്യാറാക്കിയത്. വിനോദസഞ്ചാരവകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് വർഷങ്ങൾക്കു മുമ്പ് കുട്ടികളുടെ പാർക്കും കായൽ ടൂറിസത്തിനായും ബോട്ടുജെട്ടിയുടെ പ്രവർത്തനത്തിനുമായി പാർക്കിന് സമീപത്തെ ഭൂമിയിൽ കെട്ടിടം നിർമ്മിച്ചതും കുടുംബശ്രീ ഹോട്ടലെന്ന പദ്ധതി നഗരസഭ ആസൂത്രണം ചെയ്തതും. ഇതിനുവേണ്ടി കെട്ടിടത്തിന് മുകളിലും മുൻവശത്തും ഷെഡുകൾ നിർമ്മിക്കുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തു.
പാർക്കിൽ തിരക്കേറെ
ഏറെക്കാലം അടച്ചിട്ടിരുന്ന കുട്ടികളുടെ പാർക്ക് തുറന്നിട്ട് ആറു മാസമാകുന്നതേയുള്ളൂ. എന്നാലിപ്പോൾ ദിവസവും ധാരാളമാളുകൾ പാർക്കിലെത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ പാർക്കിൽ വലിയ തിരക്കാണനുഭവപ്പെടുന്നത്. പല കുടുംബങ്ങളും ഇവിടെ ഏറെ നേരം ചെലവിടാറുണ്ട്. അടുത്തെങ്ങും കടകൾ പോലുമില്ല. ഇവിടെ ഭക്ഷണശാല ഒരുക്കിയാൽ പാർക്കിലെത്തുന്നവർക്ക് വലിയ അനുഗ്രഹമാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
വനിതാ ഹോട്ടലിന് സാദ്ധ്യതകളേറെ
ആറ്റിങ്ങൽ നഗരസഭയിലും ഗവ.കോളേജിലും വനിതകൾ നടത്തുന്ന ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്. നദിക്കരയിൽ കുട്ടികളുടെ പാർക്കടക്കമുള്ള വിനോദകേന്ദ്രങ്ങളും കോയിക്കൽ കൊട്ടാര സമുച്ചയവുമുള്ളതിനാൽ കൊല്ലമ്പുഴയിൽ വനിതാ ഹോട്ടലിന് വലിയ സാദ്ധ്യതയുണ്ട്. ബൈപ്പാസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഈ കെട്ടിടം ബൈപ്പാസിനോട് ചേർന്നുള്ളതാകും. ഇത് വലിയ സാദ്ധ്യതകൾ തുറന്നിടുമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |