തിരുവനന്തപുരം: എണ്ണച്ചായത്തിൽ അദൃശ്യമായ കഥകൾ പറയുന്ന 34 ചിത്രങ്ങൾ! അവയിൽ നിന്ന് ഓരോ കാഴ്ചക്കാരനും വായിച്ചെടുക്കുന്നത് തികച്ചും ആപേക്ഷികമായ പ്രമേയങ്ങൾ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ചിത്രകാരൻ ജോർജ് വരച്ച ചിത്രങ്ങളുടെ പ്രദർശനം 'ടച്ച് ന്യൂ പെയിന്റിംഗ്സ് ബൈ ജോർജ്' ശ്രദ്ധനേടുന്നു. 'കൊവിഡുകാലത്ത് പരസ്പരം സ്പർശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. അതിന്റെ ഓർമ്മയ്ക്കായാണ് പ്രദർശനത്തിന് ഈ പേരു നൽകിയത്...' ജോർജ് പറയുന്നു. 'ഒരു ചിത്രം വരയ്ക്കുമ്പോൾ അതിൽ നിന്ന് ലഭിക്കുന്ന ആത്മസംതൃപ്തിക്കാണ് പ്രാധാന്യം നൽകുന്നത്.. അതാണ് ഏറ്റവും വലിയ സന്തോഷം..' ജോർജ് കൂട്ടിച്ചേർത്തു. കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽ ബിരുദമെടുത്ത ജോർജ് 1983 മുതൽ ഫൈൻ ആർട്സ് കോളേജ്, ലളിതകലാ അക്കാഡമി ആർട് ഗ്യാലറി, കോഴിക്കോട് ടൗൺ ഹാൾ,മുംബയ് ജഹാംഗീർ ആർട് ഗ്യാലറി,തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫൈൻ ആർട്സ് ഗ്യാലറി എന്നിവിടങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ആറ് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ചിത്രകാരൻ വി.എൻ.അജി,യു.ജയചന്ദ്രൻ,എൻ.എൻ.റിംസൺ, കെ.എൻ.ഷാജി, സി.എസ്.വെങ്കിടേശ്വരൻ,എം.പി.പ്രതീഷ്,സന്തോഷ് ബാബുസേനൻ തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനം 19വരെ തുടരും. രാവിലെ 10 മുതൽ വൈകിട്ട് 6.30വരെയാണ് പ്രവേശനസമയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |